
ന്യൂയോർക്ക്: മെറ്റയുടെ കീഴിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചർ പ്ലാറ്റ്ഫോമുകൾ ആഗോളവ്യാപകമായി ഇന്നലെ ഒരുമണിക്കൂർ തടസപ്പെട്ടു. ഇന്നലെ രാത്രി 8.45ന് തടസ്സപ്പെട്ട സേവനം രാത്രി 10നാണ് പുനഃസ്ഥാപിച്ചത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പിന് പ്രശ്നങ്ങൾ നേരിട്ടില്ല. സാങ്കേതിക തകരാറുകളാണ് സേവനങ്ങൾ തടസപ്പെടാൻ കാരണമെന്നാണ് വിവരം. എന്നാൽ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ ചെങ്കടലിലെ നിരവധി അന്തർ സമുദ്ര കമ്മ്യൂണിക്കേഷൻ കേബിളുകൾ മുറിഞ്ഞെന്നും ഏഷ്യയ്ക്കും യൂറോപ്പിനുമിടെയിലെ 25 ശതമാനം ഡേറ്റാ ട്രാഫിക്കിനെ ബാധിച്ചെന്നും ഹോങ്കോംഗ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എച്ച്.ജി.സി ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അറിയിച്ചു. ഇതാണോ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകൾക്കുണ്ടായ തകരാറിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്. ചെങ്കടലിലെ കേബിളുകൾ മുറിഞ്ഞതിനെത്തുടർന്ന് ഇന്ത്യ, പാകിസ്ഥാൻ, കിഴക്കേ ആഫ്രിക്കയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ട്രാഫിക്കികിനെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കേബിളുകൾ മുറിയാനുള്ള കാരണം വ്യക്തമല്ല. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടരുന്നുണ്ട്.