k-sudhakaran

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരന്റെ മദ്ധ്യസ്ഥതയിൽ താൻ 25 ലക്ഷം രൂപ മോൻസണിന് നൽകിയെന്ന് പരാതിക്കാരിൽ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയിൽ പത്ത് ലക്ഷം അനൂപ് മടങ്ങിയ ഉടൻ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും നൽകിയ മൊഴി.

പുരാവസ്തുക്കൾ വിദേശികൾക്ക് വിറ്റ വകയിൽ ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി ലഭിക്കാനുള്ള ഡൽഹിയിലെ തടസങ്ങൾ നീക്കാൻ സുധാകരൻ ഇടപെടുമെന്നു പറഞ്ഞ്, അതിന്റെ ചെലവിലേക്കെന്ന പേരിൽ 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചെന്നും സുധാകരൻ അതിൽ നിന്ന് പത്ത് ലക്ഷം കൈപ്പറ്റിയെന്നുമാണ് കേസ്.

പണമിടപാട് നടന്ന ദിവസം കലൂരിലെ മോൻസണിന്റെ വീട്ടിലുണ്ടായിരുന്നെങ്കിലും അക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് കെ. സുധാകരന്റെ മൊഴി.

കോഴിക്കോട് മാവൂരിലെ യാക്കൂബ് പുരയിൽ, സിദ്ദിഖ് പുരയിൽ, പന്തീരാങ്കാവിലെ എം.ടി. ഷമീർ, പേരാമ്പ്രയിലെ ഇ.എ. സലിം, മഞ്ചേരിയിലെ ഷാനിമോൻ, തൃശൂർ വടക്കഞ്ചേരിയിലെ അനൂപ് വി. അഹമ്മദ് എന്നിവരാണ് പരാതിക്കാർ. കഴിഞ്ഞ ജൂണിൽ കെ. സുധാരകനെ എട്ട് മണിക്കൂർ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്തിരുന്നു.

2016 മുതൽ 15 തവണയിലേറെ മോൻസണിന്റെ വീട് സന്ദർശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ഇടപാടില്ലെന്ന് സുധാകരൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ആവർത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ കളമശേരി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.