
സനാ: ചെങ്കടലിലെ അന്തർ സമുദ്ര കമ്മ്യൂണിക്കേഷൻ കേബിളുകൾ മുറിഞ്ഞ സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് യെമനിലെ ഹൂതി വിമതർ. മേഖലയിലെ രാജ്യങ്ങൾക്ക് ഇന്റർനെറ്റ് നൽകുന്ന കേബിളുകളെ തങ്ങൾ ലക്ഷ്യമാക്കില്ലെന്ന് പറയുന്ന ഹൂതികൾ യു.എസ്, ബ്രിട്ടീഷ് സൈന്യത്തെ കുറ്റപ്പെടുത്തി. ചെങ്കടലിലെ 15 അന്തർ സമുദ്ര കേബിളുകളിൽ നാലെണ്ണം അടുത്തിടെ വിച്ഛേദിക്കപ്പെട്ടെന്നും ഇത് ഏഷ്യയ്ക്കും യൂറോപ്പിനുമിടെയിലെ 25 ശതമാനം ഡേറ്റാ ട്രാഫികിനെ ബാധിച്ചെന്നും ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എച്ച്.ജി.സി ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു. ഡേറ്റാ ട്രാഫിക് മറ്റ് റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ട് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാൻ, കിഴക്കേ ആഫ്രിക്കയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ട്രാഫികിനെ സംഭവം ബാധിച്ചേക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു. കേബിളുകൾ മുറിയാനുള്ള കാരണം വ്യക്തമല്ലെങ്കിലും ഹൂതികൾ സംശയനിഴലിലാണ്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടരുന്നുണ്ട്. ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആക്രമണം. ഹൂതികൾ കേബിളുകൾ വിച്ഛേദിച്ചേക്കാമെന്ന് യെമനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാർ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലുകൾ ആക്രമിക്കുന്നതിന് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസ്, ബ്രിട്ടീഷ് സൈന്യം വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. അതേ സമയം, നിജസ്ഥിതി കണ്ടെത്താൻ യു.എസ് അധികൃതർ ശ്രമം തുടരുകയാണ്. അന്തർ സമുദ്ര കേബിളുകൾ ഇന്റർനെറ്റിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നു. ഈ കേബിളുകളിലുണ്ടാകുന്ന തടസങ്ങൾ 2006ലെ തായ്‌വാൻ ഭൂകമ്പത്തിന് പിന്നാലെ സംഭവിച്ചതു പോലുള്ള ഗുരുതരമായ ഇന്റർനെറ്റ് തകരാറുകൾക്ക് കാരണമാകാം.