dk

ന്യൂഡല്‍ഹി: ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന് ആശ്വാസം. കോണ്‍ഗ്രസ് നേതാവിനെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി.

ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് കോടതി വിധിയെന്നും തനിക്ക് കോടതിയിലും നിയമവ്യവസ്ഥയിലും പൂര്‍ണവിശ്വാസമുണ്ടെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

50 ദിവസം തീഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഡി.കെ.ശിവകുമാര്‍ ജാമ്യത്തിലിറങ്ങിയത്. സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവര്‍ക്ക് നല്‍കിയിരുന്നു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അതാണ് ഇപ്പോഴും തുടരുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.