kfa

യുപിയ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്ത്. മിസോറാമാണ് കേരളത്തിന്റെ സെമി ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്.ഷൂട്ടൗട്ടിലാണ് കേരളം തോല്‍വി വഴങ്ങിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡന്‍ഡത്തിലേക്ക് കടന്നു. കേരളാതാരം സുജിത്തിന്റെ പെനാല്‍റ്റി ലക്ഷ്യം കാണാതെ പോയതോടെ 7-6 ന് മത്സരം വിജയിച്ച് മിസോറം സെമിയിലേക്ക് മുന്നേറി.

തുടക്കത്തില്‍ തന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. നാല് സ്ട്രൈക്കര്‍മാരെ കളത്തിലിറക്കിയാണ് മിസോറം ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയത്. 4-2-4 ഫോര്‍മേഷനില്‍ മിസോറം ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് സതീവന്‍ ബാലന്‍ കേരളത്തെ കളത്തിലിറക്കിയത്.

96ാം മിനിറ്റില്‍ മിസോറം വലയില്‍ പന്തെത്തിച്ചെങ്കിലും അതിന് മുമ്പ് മിസോറം താരം ഹാന്‍ഡ്ബോളായതിനാല്‍ ഗോള്‍ അനുവദിച്ചില്ല. എക്സ്ട്രാ ടൈമിലും ഇതേ നില തുടര്‍ന്നതോടെ വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നു.