
കൊച്ചി: കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹ കമ്പോളത്തിലേക്ക് തള്ളിവിടുന്ന പ്രവണത ഇന്നും കേരളത്തില്‍ കുറവല്ല. സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് പഞ്ഞമില്ലെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കണക്കുകള്‍. വകുപ്പ് നടപ്പിലാക്കി വരുന്ന പൊന്‍വാക്ക് പദ്ധതിയില്‍ 2021 മുതല്‍ 2024 ജനുവരി വരെ തടഞ്ഞത് 26 ശൈശവ വിവാഹങ്ങളാണ്. ഇത്തരത്തില്‍ വിവാഹങ്ങള്‍ നടക്കുന്നതായി വിവരം അറിയിക്കുന്ന വ്യക്തികള്‍ക്ക് പാരിതോഷികമായി 2500 രൂപ നല്‍കും. ഇതുവരെ 65,000 രൂപയാണ് പാരിതോഷികമായി നല്‍കിയിട്ടുള്ളത്.
എണ്ണത്തില്‍ കൂടുതല്‍ മലപ്പുറത്ത്
ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം തടഞ്ഞത് മലപ്പുറം ജില്ലയിലാണ്. 2021-22 വര്‍ഷത്തില്‍ 14, 2022-23-10, 2023-24 ജനുവരി 17 വരെ രണ്ടും ശൈശവ വിവാഹങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെയുള്ള മറ്റെല്ലാ ജില്ലകളും ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2021- 2024 ജനുവരി വരെ തടഞ്ഞ വിവാഹങ്ങള്‍
(ജില്ല, തടഞ്ഞ ശൈശവ വിവാഹങ്ങള്‍, പാരിതോഷികം)
തിരുവനന്തപുരം- 1, 2500
കൊല്ലം- 2, 5000
പത്തനംതിട്ട-1, 2500
ആലപ്പുഴ- 2, 5000
ഇടുക്കി- 2, 5000
തൃശ്ശൂര്‍-1, 2500
പാലക്കാട്- 3, 7500
മലപ്പുറം- 10, 25,000
വയനാട്- 1,2500
കോഴിക്കോട്- 3, 7500
പൊന്‍വാക്ക്
സംസ്ഥാനത്ത് ശൈശവ വിവാഹം നടന്നാല്‍ അത് തടയുന്നതിനാണ് പദ്ധതി ആരംഭിച്ചത്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരം അറിയിക്കുന്നവര്‍ക്ക് പാരിതോഷികവുമുണ്ടാകും. ശൈശവ വിവാഹം നടക്കാന്‍ സാദ്ധ്യതയുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബ്ലോക്ക് തലത്തില്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാരെയോ ജില്ലാ തലത്തില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാരെയോ അറിയിക്കാം.
ഫോണിലോ ഇമെയില്‍ വഴിയോ അറിയിക്കാം. വിവരം നല്‍കുന്ന വ്യക്തിയുടെ വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായിരിക്കും. കുട്ടിയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, മേല്‍വിലാസം അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങളാണ് വകുപ്പില്‍ അറിയിക്കേണ്ടത്. വിവാഹം നടക്കുന്നതിന് മുമ്പ് നല്കുന്ന വിവരത്തിനാണ് പാരിതോഷികം. വിവാഹം കഴിഞ്ഞറിയിച്ചാല്‍ പാരിതോഷികമുണ്ടാവില്ല.