
ടെൽ അവീവ്: ഇസ്രയേലിലുള്ള പൗരന്മാർ സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് മുന്നറിയിപ്പുമായി ഇന്ത്യ. ഇസ്രയേൽ - ലെബനൻ അതിർത്തിയിലുണ്ടായ ഹിസ്ബുള്ള മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇസ്രയേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ഇസ്രയേലിനുള്ളിലെ സുരക്ഷിത മേഖലകളിലേക്ക് മാറണം. പ്രത്യേകിച്ച് ഇസ്രയേലിന്റെ വടക്ക്, തെക്ക് അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതോ സന്ദർശനത്തിനെത്തിയവരോ ആയ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി ഇസ്രയേൽ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.