kalabhavan-mani

ചാലക്കുടി: സിനിമയുടെയും നാടൻ പാട്ടുകളുടെയും ലോകത്തേക്ക് ചാലക്കുടിയുടെ സൗന്ദര്യവും നന്മയും പകർന്നുവച്ച കലാഭവൻ മണിയുടെ വേർപാടിന് ഇന്ന് എട്ട് വയസ്. മലയാളത്തിനും അപ്പുറം ദക്ഷിണേന്ത്യയിലൊട്ടാകെ ആരാധകവൃന്ദം ഉണ്ടായിരുന്നപ്പോഴും പിറന്ന മണ്ണിനെ എന്നും നെഞ്ചോട് ചേർത്തുപിടിച്ച മണിക്കായി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട് ചാലക്കുടി ഇന്ന്.

2016 മാർച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടൻ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകൻ മണി കടന്നുപോയത്. കഴിക്കാൻ അന്നവും ഉടുതുണിക്ക് മറുതുണിയുമില്ലാത്ത കാലം പിന്നിട്ടായിരുന്നു മിമിക്രയിലൂടെയും നാടൻ പാട്ടുകളിലൂടെയും നാടിന് പരിചിതനായത്. പിന്നീട് സിനിമയിലേക്ക്.

അഭ്രപാളിയിലെ മലയാളഹാസ്യത്തിന് പുതിയ രൂപവും ഭാവവും മണിയുടേതായി രൂപപ്പെടുത്തി. നായകനും പ്രതിനായകനും ഹാസ്യതാരവുമായി ഇരുപതാണ്ട് കാലം ദക്ഷിണേന്ത്യൻ സിനിമയിലെ മാറ്റിനിറുത്താകാത്ത ഘടകമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും സജീവമായിരുന്നു. സ്‌റ്റേജ് ഷോയിലും മണിയുടെ കലാസംഘം വമ്പൻ ഹിറ്റായിരുന്നു.

ഒരാൾ മാത്രം അഭിനിയിച്ച സിനിമ, ദരിദ്ര കുടുംബത്തിലെ കാഴ്ചയില്ലാത്ത നായകൻ... അങ്ങനെ നിരവധി ഹിറ്റ് സിനിമകൾ. വാസന്തിയുടെ ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിക്കാതെ പോയത് വൻചർച്ചയായി. ജെമിന എന്ന തമിഴ് സിനിമയിലെ വില്ലൻ വേഷമാണ് തമിഴകത്ത് മണിയെ പ്രിയങ്കരനാക്കിയത്.

അഭിനയത്തിന്റെ കൊടുമുടി കീഴടക്കിയിട്ടും തട്ടകമായ ചാലക്കുടിയും സുഹൃത്തുക്കളും ബലഹീനതയായിരുന്നു. കരൾ രോഗത്തെ പോലും അവഗണിച്ചായിരുന്നു പലപ്പോഴും മണിയുടെ ജീവിതം, അതിനു നൽകേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. ചേനത്തുനാട്ടിലെ മണിക്കൂടാരത്തിന്റെ തെല്ല് തെക്കെപുറത്ത് വിശ്രമത്തിലാഴ്ന്ന മണിയുടെ സ്മരണകൾ അയവിറക്കാൻ ഇന്ന് ആയിരങ്ങളെത്തും.

ദാരിദ്ര്യത്തിൽ നിന്ന് നടന്നുകയറി
ദാരിദ്യവും കൂടപ്പിറപ്പായ ബാല്യം. പ്രാരബ്ധങ്ങളിൽപ്പെട്ട് പഠനം പൂർത്തീകരിക്കാതെ വിദ്യാലയത്തിൽ നിന്ന് പടിയിറക്കം, പിന്നീട് ഓട്ടോ സ്റ്റാൻഡിൽ കാക്കിയിട്ട് കുടുംബം പുലർത്താൻ ജീവിതവേഷം... മണി കെട്ടിയാടാത്ത വേഷങ്ങളില്ല ജീവിതത്തിൽ. ഓട്ടോ ഓടിക്കുന്നതിനിടെയായിരുന്നു അനുകരണ കലയിലേക്ക് തിരിഞ്ഞത്. സുഹൃത്ത് കലാഭവൻ ജയനോടൊപ്പം കൊച്ചിൻ കലാഭവനിൽ ചേർന്നതോടെ ഉത്സവ പറമ്പുകളിലേക്ക് നെട്ടോട്ടം. ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ കിട്ടിയ അവസരങ്ങളിൽ മികവ് കാട്ടിയതോടെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം നാട്ടുകാരനായ സുന്ദർദാസ് സംവിധാനം ചെയ്ത് 1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രമാണ് മണിയുടെ സിനിമാജീവിതം തിരുത്തിയെഴുതിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല.