indigo

മുംബയ്: റിയാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനുള്ളിലെ ടോയ്‌ലറ്റിൽ ബീഡി വലിച്ച 42കാരൻ അറസ്റ്റിൽ. ഡൽഹി നിന്ന് പുറപ്പെട്ട് മുംബയ് വഴി റിയാദിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്നാണ് 42കാരനായ മുഹമ്മദ് ഫക്രുദ്ദീൻ മുഹമ്മദ് അമ്മുറുദ്ദീൻ വിമാനത്തിൽ കയറിയത്. ക്യാബിനുള്ളിൽ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെ വിമാന ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇയാൾ ടോയ്ലറ്റിൽ ഇരുന്ന് ബീഡി വലിച്ചത് കണ്ടെത്തിയത്.

വിമാനം മുംബയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പ്രതിയെ പൊലീസിന് കെെമാറുകയായിരുന്നു. പ്രതി ബീഡിയും ലെെറ്ററുമായി എങ്ങനെ വിമാനത്തിനുള്ളിൽ കടന്നെന്ന് വ്യക്തമല്ല. റിയാദിലാണ് മുഹമ്മദ് ഫക്രുദ്ദീൻ ജോലി ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് എയർലെെൻ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത്), എയർക്രാഫ്റ്റ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് മുഹമ്മദ് ഫക്രുദ്ദീന് എതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.