
അബുദാബി: ഇന്ത്യൻ തൊഴിലാളികൾക്ക് പുതിയ ഇൻഷുറൻസ് സ്കീം പ്രഖ്യാപിച്ച് യുഎഇ സർക്കാർ. തൊഴിലാളി മരണപ്പെട്ടാൽ 75,000 ദിർഹംവരെ (1,695,919.71 രൂപ) കുടുംബത്തിന് ലഭിക്കുന്ന പദ്ധതിയാണിത്. അപകടമരണമായാലും സ്വഭാവിക മരണമായാലും തുക ലഭിക്കും. ലൈഫ് പ്രൊട്ടക്ഷൻ പ്ളാൻ എന്ന പുതിയ പദ്ധതി മാർച്ച് ഒന്നുമുതൽ നിലവിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
യുഎഇയിലെ 2.27 ദശലക്ഷത്തോളം വരുന്ന ബ്ളൂ കോളർ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിലെ ഒട്ടുമിക്ക കമ്പനികളും തൊഴിലിടത്തെ പരിക്കുകൾക്കും മരണങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും സ്വഭാവിക മരണങ്ങൾക്ക് നൽകിയിരുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
വാർഷിക പ്രീമിയവും ആനുകൂല്യങ്ങളും
18 മുതൽ 70 വയസുവരെയുള്ളവരെയാണ് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുന്നത്. 37 ദിർഹം മുതൽ 72 ദിർഹംവരെയാണ് വാർഷിക പ്രീമിയം. ഏത് പ്രീമിയമാണോ തിരഞ്ഞെടുത്തത് എന്നതനുസരിച്ച് 35,000 ദിർഹം മുതൽ 75,000 ദിർഹംവരെ നഷ്ടപരിഹാരം ലഭിക്കും. ഇൻഷുറൻസുള്ള ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം കവറേജും പദ്ധതിയിൽ ഉൾപ്പെടുന്നു.
യുഎഇയിൽ ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇതിൽ 65 ശതമാനവും ബ്ളൂ കോളർ തൊഴിലാളികളാണ്. ഓഫീസിനുള്ളിൽ അല്ലാതെ പുറത്ത് ജോലി ചെയ്യുന്നവരെയാണ് ബ്ളൂകോളർ തൊഴിലാളികൾ എന്ന് വിളിക്കുന്നത്. കൺസ്ട്രക്ഷൻ തൊഴിലാളികൾ, മെഷീൻ ഓപ്പറേറ്റർമാർ, ട്രക്ക് ഡ്രൈവർ തുടങ്ങിയവർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. യുഎഇയിൽ 2022ൽ 1100 തൊഴിലാളികളാണ് മരണപ്പെട്ടത്. 2023ൽ ഇത് ആയിരമായിരുന്നു. ഇതിൽ 90 ശതമാനവും സ്വഭാവിക മരണങ്ങളായിരുന്നു.