
ഇന്ത്യയിലെ ജനങ്ങളുടെ ഒരു പ്രിയപ്പെട്ട വിഭവമാണ് ദാൽ കറി അഥവാ പരിപ്പ് കറി. ചപ്പാത്തിക്കും ചോറിനൊപ്പവുമെല്ലാം ഈ കറി കഴിക്കാറുണ്ട്. ഈ ദാൽ കറിയാണ് സെലിബ്രിറ്റി ഷെഫ് രൺവീർ ബ്രാറിന്റെ ദുബായിലെ റെസ്റ്റോറന്റായ കഷ്കനിലെ പ്രധാന വിഭവം. എന്താണ് ഒരു ദാൽ കറിയുടെ പ്രത്യേകതയെന്ന് അല്ലെ? വെറും പരിപ്പ് കറിയല്ല ഇത്. 24കാരറ്റ് സ്വർണം ചേർത്ത കറിയാണ്. 58 ദിർഹമാണ് ഇതിന്റെ വില ഏകദേശം 1,300 രൂപ. ദാൽ ഉണ്ടാക്കുന്ന ഷെഫിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്.
വീഡിയോയിൽ ഒരു പാത്രത്തിലെ ദാൽ കറിയിൽ ശ്രദ്ധപൂർവം ഷെഫ് രൺവീർ സ്വർണത്തിന്റെ ദ്രാവക രൂപം ഒഴിക്കുന്നത് കാണാം. ശേഷം ഇത് വിളമ്പുന്നു. വീഡിയോ രണ്ട് ദിവസം മുൻപാണ് പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം വീഡിയോ 8.4 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. നിരവധി ഭിന്നാഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലർ ഇതിനെ വിമർശിക്കുന്നുണ്ട്. എന്തിനാണ് സ്വർണം ഉപയോഗിക്കുന്നത്. അതിന്റെ പോഷക മൂല്യം എന്താണെന്ന് പലരും ചോദിക്കുന്നു. ഇത് ഒരു വിഡ്ഢിത്തമാണെന്നും അഭിപ്രായം ഉയരുന്നു. എന്തായാലും ദാൽ കറി ഇപ്പോൾ ഹിറ്റാണ്.