nisam

മാർച്ച് എട്ടിന് തീയേറ്ററുകളിലെത്തുന്ന 'ഒരു സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പത്തനംതിട്ടയിലെ കടമ്മനിട്ടയിലെ വീട്ടിൽ വച്ചായി മരണം. ആദിക്കാട്ടുകുളങ്ങര നൂർമഹലിൽ റിട്ട.സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ മീരാസാഹിബിന്റെ മകനായ നിസാം കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ ഷഫീന, മക്കൾ: റസൂൽ, അജ്മി. സഹോദരങ്ങൾ: ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, നിസ.

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിൽ നിന്ന് 'ഭാരതം' എന്ന വാക്ക് നീക്കണമെന്ന സെൻസർ ബോർഡിന്റെ നിർദ്ദേശവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിസാമിന്റെ മരണം. ചിത്രത്തിന്റെ പുതിയ പ്രമോ വീഡിയോയും അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

നിരവധി ഡോക്യുമെന്ററികൾക്കൊപ്പം നിസാം പ്രവർത്തിച്ചിട്ടുണ്ട്. ജോലിയൊടൊപ്പം തന്നെ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതും അദ്ദേഹത്തിന് പ്രിയമായിരുന്നു. കാസർകോഡ് ജില്ലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ എന്റോസൾഫാൻ മൂലം ജനങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനുളള പ്രവർത്തനങ്ങളിൽ നിസാം സജീവമായിരുന്നു. ഗർഭിണികളുടെ കഥ പറയുന്ന സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലും നിസാമും തിരക്കഥാ പങ്കാളിയായിരുന്നു. റേഡിയോ,ബോംബെ മിഠായി തുടങ്ങിയവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റ് ചിത്രങ്ങൾ.