
റിയാദ്: പ്രവാസികൾക്കുൾപ്പടെ വൻ തൊഴിലവസരങ്ങൾ തുറന്ന് സൗദിഅറേബ്യ. ടൂറിസം രംഗത്ത് 11.2 ബില്യൺ ഡോളർ നിക്ഷേപത്തിലൂടെ 120,000 തൊഴിലവസങ്ങൾ സൃഷ്ടിക്കാൻ സൗദി ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖതീബാണ് പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ബിസിനസ് രീതികൾ സുഗമമാക്കുന്നതിനും നിക്ഷേപ ആകർഷണം വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ടൂറിസം ഇൻവെസ്റ്റ്‌മെന്റ് എനേബിളേഴ്‌സ് പ്രോഗ്രാം അനാച്ഛാദനം ചെയ്തത്. തുടർന്ന് ടൂറിസം മന്ത്രാലയം, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച്, ഹോസ്പിറ്റാലിറ്റി സെക്ടർ ഇൻവെസ്റ്റ്‌മെൻ്റ് എനേബിളേഴ്‌സ് ഇനിഷ്യേറ്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളും വൈവിധ്യവത്കരണവുമാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. 'സൗദി അറേബ്യ സമ്പന്നവും വൈവിധ്യമാർന്നതുമായ ടൂറിസം സമ്പത്തുള്ള രാജ്യമാണ്. അതിനാൽ രാജ്യത്തെ ടൂറിസം രംഗത്തെ ആഗോളതലത്തിൽ കൂടുതൽ ആകർഷകമാക്കാനാണ് ശ്രമം. കഴിഞ്ഞ വർഷം ടൂറിസം ആക്‌റ്റിവിറ്റി ലൈസൻസുകളുടെ ആവശ്യകതയിൽ 390 ശതമാനമാണ് വർദ്ധനയുണ്ടായത്'-അഹമ്മദ് ബിൻ അഖീൽ അൽ ഖതീബ് പറഞ്ഞു.
നിക്ഷേപകർക്ക് അനുകൂല സാഹചര്യമൊരുക്കുമ്പോൾ കൂടുതൽ പേർ രാജ്യത്ത് മുതൽ മുടക്കാൻ തയ്യാറാവുമെന്നും ഭരണകൂടം കണക്കുകൂട്ടുന്നു. നിക്ഷേപകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക, പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള നിയമങ്ങൾ വികസിപ്പിക്കുക, ടൂറിസം വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് തുടക്കത്തിൽ ഭരണകൂടം ലക്ഷ്യമിടുന്നത്.
കൂടുതൽ നിക്ഷേപേർ എത്തുന്നതോടെ ഹോട്ടലുകളുടെ എണ്ണത്തിൽ ഉൾപ്പടെ വൻതോതിലുള്ള വർദ്ധനവാണ് ലക്ഷ്യം വയ്ക്കുന്നത്. ഏകദേശം 42,000 ഹോട്ടൽ മുറികളെങ്കിലും പുതുതായി ഉണ്ടാവുമെന്നും 2030 ഓടെ 120,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ നിരവധി സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ ഈ സംരംഭം രാജ്യത്തിന് സംഭാവന നൽകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. തൊഴിൽ രംഗത്ത് ദേശസാൽക്കരണ ശ്രമങ്ങൾക്കാണ് സൗദി മുൻതൂക്കം നൽകുന്നത്.