
''ആരാണ് നിങ്ങളുടെ നല്ല സുഹൃത്തെന്ന് എപ്പോഴെങ്കിലുംആലോചിച്ചിട്ടുണ്ടോ?""- പല ആനുകാലിക സംഭവങ്ങളും തന്റെ മനസ്സിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കിയതിന്റെ നീറ്റലിൽ നിന്നായിരുന്നു പ്രഭാഷകന്റെ ആ ചോദ്യം. അതു മനസ്സിലാക്കിയ സദസ്യരുടെ മുഖത്ത് പതിവു പുഞ്ചിരിക്കു പകരം ഒരു ശോകഭാവമായിരുന്നു. ''നല്ല സുഹൃത്ത് എന്നു പറഞ്ഞപ്പോൾ പല മുഖങ്ങളും നിങ്ങളുടെ മനസ്സിലൂടെ മിന്നിമറഞ്ഞിട്ടുണ്ടാകും. എന്നാൽ, ആരാണ് യഥാർത്ഥ സുഹൃത്തെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്താണ് നല്ല സുഹൃത്തും യഥാർത്ഥ സുഹൃത്തും തമ്മിലുള്ള വ്യത്യാസം?അതു നിങ്ങൾ സ്വയം ചോദിച്ച്, എനിക്കുകൂടി ഉത്തരം പറഞ്ഞുതന്നാൽ മതി."" സദസ്യരുടെ പിരിമുറുക്കം കുറയ്ക്കാനെന്നോണം പ്രഭാഷകൻ പറഞ്ഞു. അതുവരെ കനംനിറഞ്ഞിരുന്ന സദസ്സ് പെട്ടെന്ന് പ്രസന്നമായി.
അപ്പോൾ പ്രഭാഷകൻ തുടർന്നു: 
''സാധാരണ മനുഷ്യർക്ക് തങ്ങളുടെ വാസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും യാത്രാവേളകളിലുമൊക്കെ ഓരോരോ സാഹചര്യമനുസരിച്ച് സുഹൃത്തുക്കളും സൗഹൃദങ്ങളുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം. 
എന്നാൽ, സമൂഹത്തിന്റെ മുകൾത്തട്ടിൽ ജീവിക്കുന്നവർ അത്ര പെട്ടെന്ന് മറ്റുള്ളവരുമായി സൗഹൃദത്തിലായിക്കൊള്ളണമെന്നില്ല. അവർക്ക് മിപ്പോഴും അവരുടെ അതേ നിലവാരത്തിലുള്ളവരെ കിട്ടിയാലേ സൗഹൃദം കൂടാൻ കഴിയൂ എന്നൊരു പ്രശ്നവുമുണ്ടാകാമല്ലോ!
എന്നാൽ, കുറച്ചുനാൾ മുമ്പുവരെ ഈ പറഞ്ഞ തരം ദുരഭിമാനങ്ങളോ സാങ്കേതികപ്രശ്നങ്ങളോ ഇല്ലാത്ത ആഴമുള്ള സൗഹൃദക്കൂട്ടായ്മകൾ മനുഷ്യഹൃദയങ്ങളിൽ ഇടംപിടിച്ചിരുന്നു. തനിക്ക് എന്തു നഷ്ടപ്പെടുമെന്ന ചിന്ത പോലുമില്ലാതുള്ള, ആത്മാർത്ഥത തിളങ്ങിനിന്നിരുന്ന വിദ്യാർത്ഥിജീവിത സൗഹൃദങ്ങളെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. അപ്രകാരമുള്ള ഒരു സൗഹൃദക്കൂട്ടായ്മ എന്തിന്റെ പേരിലായാലും ഒരിക്കലും സ്വന്തം കൂട്ടത്തിലൊന്നിനെ വേട്ടപ്പട്ടികളെപ്പോലും നാണിപ്പിക്കും വിധം കൊന്നുതിന്നില്ല! ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് വിദ്യാർത്ഥികളുടെ വേഷമിട്ട കൊടുംക്രിമിനലുകൾ പല കലാലയങ്ങളിലും കടന്നുകയറിയെന്ന വസ്തുതയിലേക്കാണ്. അതുകൊണ്ടാണ് ഞാൻചോദിച്ചത്; ആരാണ് നല്ല സുഹൃത്ത്, ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന്!
ശ്രദ്ധയോടെ വേണം കൂട്ടുകാരെ തിരഞ്ഞെടുക്കാൻ. കൂട്ടരൊത്തു കൂടുമ്പോൾ നോക്കിത്തന്നെ കൂടണം എന്നു പറയുന്നത് അതുകൊണ്ടാണ്. 
പന്തികേടു തോന്നിയാൽ പിൻതിരിയുന്നതു തന്നെയാണ് ബുദ്ധി! പന്തയത്തിനു പോയാൽ ചതിക്കുഴിയിൽ വീഴാനോ, ജീവൻ തന്നെ നഷ്ടപ്പെടാനോ സാദ്ധ്യതയുയുണ്ടെന്നതും അനുഭവസാക്ഷ്യമുള്ള ഒരു അറിവായി പരസ്പരം പങ്കുവയ്ക്കേണ്ട ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഉറ്റമിത്രങ്ങളെയും,ബന്ധുക്കളെയുംമയക്കുമരുന്നുകേസ്സുകളിലും, പീഡനക്കേസ്സുകളിലുംകളവായിഉൾപ്പെടുത്തിആത്മനിർവൃതിയടയുന്നഎത്രനരാധമൻമാ രാണ് നമുക്കു ചുറ്റുമുള്ളത്!
ആത്മസുഹൃത്തിന് അധികാരമുള്ളൊരു സർക്കാരുദ്യോഗം കിട്ടിയ സന്തോഷം പങ്കുവയ്ക്കാനെത്തിയ തൊഴിൽരഹിതനായ ഒരു ചെറുപ്പക്കാരൻ, ഉദ്യോഗസ്ഥനാകാൻ പോകുന്ന സുഹൃത്തിനെതിരെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ക്രിമിനൽ കുറ്റാരോപണമുണ്ടായപ്പോൾ, ആ കുറ്റം സ്വയം ഏറ്റെടുത്ത് ജയിലിൽ പോവുകയും സുഹൃത്തിനെ ഉദ്യോഗത്തിനയയ്ക്കുകയും ചെയ്ത് സൗഹൃദത്തിന്റെ മാറ്റ് വെളിപ്പെടുത്തിയ അനുഭവം വിലയിരുത്തി പറയാം: ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ നമ്മൾ നല്ല സുഹൃത്തെന്നു കരുതിയിരിക്കുന്നയാൾ എവിടെ നിൽക്കുന്നുവെന്ന് നോക്കിയിട്ടു പറയാം, ആരാണ് യഥാർത്ഥ സുഹൃത്തെന്ന്!""