
മാനസിക സംഘർഷങ്ങൾ ഏറെ നിലനിൽക്കുന്ന ഒരു അവസ്ഥയിലൂടെയാണ് ഇന്ന് മിക്കവരും കടന്നുപോകുന്നത്. വീട്ടിലെയും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേയും സമ്മർദ്ദങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ,സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയവ സഹിക്കുന്നതിലുമപ്പുറമായി വരാം. വിദ്യാർത്ഥികളുടെ അവസ്ഥയും സമാനമാണ്. ഇവയൊക്കെ നമ്മളെ ബാധിക്കുന്നത് പല തരത്തിലായിരിക്കാം. ചിലർക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരാം, എന്നാൽ ചിലർക്ക് അവരുടെ മാനസികനില തന്നെ താളം തെറ്റുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.
ഇത്തരത്തിലുളള അവസ്ഥയിലൂടെ ഏറെ നാളുകളായി കടന്നുപോകുന്നവരിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഫോബിയ. ഏതെങ്കിലും വസ്തുവിനോടൊ വ്യക്തിയോടൊ പ്രവത്തിയോടൊയുളള അകാരണമായ ഭയത്തെയാണ് ഫോബിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അവസ്ഥയിലുളള ചിലർക്ക് ഉയരം, തീ, വെളളം, ശബ്ദം തുടങ്ങിയവയോട് കടുത്ത ഭയവും വെറുപ്പുമായിരിക്കും.

ഫോബിയ ഒരു അസുഖമല്ല. എന്നാൽ ഈ അവസ്ഥ ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയുളളവർ തെറാപ്പിയോ മറ്റുവിധത്തിലുളള ചികിത്സകൾ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയവരുടെ സഹായം തേടേണ്ടി വരും. ഫോബിയ പരിഹരിക്കാൻ പുത്തൻ സാങ്കേതികവിദ്യകൾ ഇന്നത്തെ തലമുറ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഫോബിയ പൂർണമായും തടയാൻ ഇന്ന് കൂടുതൽ ആളുകളും വിർച്ച്വൽ റിയാലിറ്റി(വിആർ) പോലുളള സാങ്കേതികവിദ്യകളുടെ സഹായം തേടാറുണ്ട്.
എന്താണ് വിർച്ച്വൽ റിയാലിറ്റി (വിആർ)
യഥാർത്ഥ ലോകത്തേക്ക് വെർച്ച്വലായി (ഭാവനാത്മകമായി) കടന്നുചെല്ലാൻ സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വിആർ. ആദ്യകാലങ്ങളിൽ വിആർ ഉപയോഗിച്ചിരുന്നത് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായിരുന്നു. പഠനമുറിയിലിരുന്ന് വിദ്യാർത്ഥികൾക്ക് വിമാനം എങ്ങനെ നിയന്ത്രിക്കാമെന്ന പഠനമാണ് ഇതിലൂടെ സാദ്ധ്യമായത്.

തുടർന്നാണ് വിആർ ഗെയിമിംഗ് ഉൾപ്പടെ വിവിധ മേഖലകളിൽ ഉപയോഗിക്കാൻ ആരംഭിച്ചത്. തികച്ചും ചെലവേറിയ ഒന്നാണിത്. ഗൂഗിൾ കാർഡ്ബോർഡിലൂടെയാണ് വിആർ ആദ്യമായി പരീക്ഷിച്ചത്. ആൻഡ്രോയ്ഡ് ഫോണുകളിലും ഐ ഫോണുകളിലും ഇത് ഉപയോഗിക്കാം. ജൈറോസ്‌കോപ്പ്, മാഗ്നെറ്റിക് സെൻസർ തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്താൽ മാത്രമേ ഫോണിൽ വിആർ ലഭിക്കുകയുളളൂ. വിആർ ഹെഡ്സെറ്റും ഇതിന് ആവശ്യമാണ്. വിപണിയിലും ഓൺലൈനുകളിലും ഹെഡ്സെറ്റ് ലഭ്യമാണ്. 400 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
വിആർ മനുഷ്യരിലേക്ക്
1. ആശുപത്രികളിലും വിആർ സാങ്കേതിവിദ്യ

വിവിധ ശസ്ത്രക്രിയകളിലൂടെ കടുത്ത വേദന അനുഭവിക്കുന്ന രോഗികൾക്ക് വിആർ ഹെഡ്സെറ്റുകൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. വിആർ അനുഭവം രോഗികളെ വേദനകളിൽ നിന്നും ഒരു പരിധി വരെ ശ്രദ്ധ മാറ്റി നിർത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ രോഗികൾക്കനുഭവപ്പെടുന്ന വേദന കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. സിസേറിയൽ പോലുളള ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾ വിആർ ഹെഡ്സെറ്റ് കൂടുതലായി ഉപയോഗിക്കാറുണ്ട്.
2. ഭാരം കുറയ്ക്കാം
ജിമ്മിലും ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാതെ തന്നെ വിആറിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. വിആർ ഗെയിമിംഗ് നടത്തുന്നവരും പാട്ടുകൾ കോൾക്കുന്നവരും അവയ്ക്കനുസരിച്ചുളള ചുവടുകൾ വയ്ക്കുന്നത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് സ്ഥിരമായാൽ വ്യായാമത്തിനായി പ്രത്യേക സമയം മാറ്റി വയ്‌ക്കേണ്ടി വരില്ല.
3. മാനസികാരോഗ്യം മെച്ചപ്പെടുത്താം
ഭാരം കുറയ്ക്കുന്നതിനോടൊപ്പം വിആർ സാങ്കേതികവിദ്യ നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഉപയോഗപ്രദമായ ഗെയിമുകളും പസിലുകളും വിആറിലൂടെ ചെയ്യുന്നതിലൂടെ ശ്രദ്ധയും ഓർമശക്തി വർദ്ധിക്കുകയും ചെയ്യും. ഇതിലൂടെ എപ്പോഴും ഊർജസ്വലരായി ഇരിക്കാൻ നമുക്ക് സാധിക്കും.

4. ഒറ്റപ്പെടലും പേടിയും കുറയ്ക്കാം
പലസാഹചര്യങ്ങളൽ നമ്മൾ ഒറ്റപ്പെടാം. വിആറിലൂടെ ഇത് പരിഹരിക്കാം. കൊവിഡ് ദുരന്തകാലത്ത് സമൂഹമായും ബന്ധുക്കളായും യാതൊരു വിധത്തിലുളള സഹകരണമോ ബന്ധമോയില്ലാതെ കഴിഞ്ഞവർ അനുഭവിച്ച മാനസിക സംഘർഷങ്ങളുടെ ആഘാതം പലപഠനത്തിലും നമ്മൾ മനസിലാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുളള അവസ്ഥ മറികടക്കാൻ വിആർ ഉപയോഗിച്ചിരുന്നു.
ഗുണങ്ങൾ മാത്രമല്ല കുറച്ച് പ്രശ്നങ്ങളും വിആർ സാങ്കേതികവിദ്യയ്ക്കുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
1. കടുത്ത തലവേദന
2. തലക്കറക്കം
3. കണ്ണുകഴപ്പ്
4. ഛർദ്ദി
5. കാഴ്ചക്കുറവ്