malarikkal

അവധിക്കാലമല്ലേ വരാൻ പോകുന്നത്. കുടുംബവുമൊത്ത് എവിടെപ്പോകാം എന്ന ചോദ്യം ഉയരുമ്പോഴേ ഉത്തരം എത്തിയിരിക്കും. ഊട്ടി, മൂന്നാർ, തേക്കടി... അങ്ങനെ കണ്ട് മടുത്ത സ്ഥലങ്ങളുടെ സ്ഥിരം ലിസ്റ്റ്. എന്നാൽ ഇതൊന്നുമല്ലാത്ത അതിസുന്ദരങ്ങളായ നിരവധി സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്തുതന്നെയുണ്ട്. പക്ഷേ, ഈ സ്ഥലങ്ങളൊന്നും അധികമാരും അറിയുന്നില്ലെന്ന് മാത്രം. കേരളത്തിലെ എവിടെനിന്നായാലും ഒറ്റദിവസംകൊണ്ട് കുടുംബത്തോടൊപ്പം പോയിവരാനും കഴിയും. ചെലവും പോക്കറ്റിലൊതുങ്ങും.

കോട്ടയം ജില്ലയിലാണ് ഈ സുന്ദരപ്രദേശങ്ങളിൽ അധികവും. ഇതിലൊന്നാണ് അയ്മനം. ഒരു പ്രമുഖ ട്രാവൽ മാഗസിന്റെ ലോകത്ത് സഞ്ചരിച്ചിരിക്കേണ്ട മുപ്പത് സ്ഥലങ്ങളുടെ പട്ടികയിൽ അയ്മനം എന്ന ടൂറിസ്റ്റ് ഗ്രാമവും ഇടംപിടിച്ചിട്ടുണ്ട്. ഗ്രാമീണത്തനിമയുള്ള കാഴ്ചകളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. അന്യംനിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ചകൾ മതിയാവോളം ആസ്വദിക്കാം. ശിക്കാര വള്ളത്തിലെ യാത്ര, കയറുപിരി, തെങ്ങുകയറ്റം, ഓലമെടയൽ, പാനെയ്ത്ത്, മീൻപിടിത്തം, കള്ള് ചെത്തൽ എന്നിവ കാണാം. ഇതെല്ലാ കണ്ട് മനം നിറഞ്ഞശേഷം നല്ല നാടൻ ഭക്ഷണം കഴിച്ച് വയർ നിറയ്ക്കാനും കഴിയും. കഴിക്കാൻ മാത്രമല്ല നാടൻ ഭക്ഷണം ഉണ്ടാക്കുന്നത് നേരിട്ട് കാണാനും കഴിയും.

ഇനി വണ്ടി നേരെ മലരിക്കലിലേക്ക് വിടാം. പേര് സൂചിപ്പിക്കുംപോലെ തന്നെ പൂക്കളാണ് കുമരകത്തിനടുത്തുള്ള ഈ കൊച്ചുഗ്രാമത്തിലെ പ്രധാന ആകർഷണം. അതും ആമ്പൽപ്പൂക്കൾ. ഏക്കറുകളോളം പടർന്നുകിടക്കുന്ന ഇവിടത്തെ ആമ്പൽപ്പാടങ്ങൾ കാണാനും ചിത്രങ്ങൾ പകർത്താനും ഫോട്ടോ ഷൂട്ട് നടത്താനും സഞ്ചാരികളുടെ തിരക്കാണ്. മിക്കപ്പോഴും പൂക്കൾ കാണുമെങ്കിലും ജൂലായ് മുതൽ സെപ്തംബർവരെയാണ് പൂക്കൾ നിറയുന്നത്.

അല്പം സാഹസികത ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് സ്ഥലമാണ് മുതുകോരമല. വാഗമൺ മലനിരകൾക്ക് സമാന്തരമായി നിൽക്കുന്ന മലമ്പ്രദേശമാണ് മുതുകോരമല. കൈപ്പള്ളിയിൽ നിന്ന് മൂന്നുകിലോമീറ്റർ ഓഫ്‌ റോഡ് യാത്രചെയ്ത് ഇവിടെയെത്താം. വീശിയടിക്കുന്ന തണുത്ത കാറ്റും കോടമഞ്ഞും ആരുടെയും ഹൃദയം കവരും. കാണാൻ സുന്ദരമാണെങ്കിലും ഇവിടെ അപകടം പതിയിരിക്കുമെന്ന് പ്രത്യേകം ഓർക്കണം. മുതുകോരമലയുടെ താഴ്‌വാരം വൻ താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അശ്രദ്ധമായ ഒരു നീക്കംപോലും അപകടത്തിന് ഇടയാക്കും.