
പള്ളിക്കൽ: മാങ്ങയും ചക്കയും നൂറുമേനിയുടെ വിളവെടുത്ത് റിട്ട: എൻജിനിയർ അജിത് കുമാർ. മടവൂർ ഗ്രാമപഞ്ചായത്തിലെ സീമന്തപുരത്ത് പത്തേക്കർ ഭൂമിയിൽ വിവിധ കൃഷികൾ ചെയ്താണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പോങ്ങനാട് സുകുമാരവിലാസം വീട്ടിൽ അജിത് കുമാറിന് ഇന്ന് കൃഷി ഒരു വ്യവസായം മാത്രമല്ല കാർഷിക പഠനം കൂടിയാണ്. ഐ.എസ്.ആർ.ഒയിൽ നിന്നും അസിസ്റ്റന്റ് എൻജിനിയറായി വിരമിച്ചശേഷം അവിടെനിന്ന് കിട്ടിയ പ്രചോദനം തന്നെയാണ് കൃഷിയുടെ പല മേഖലകളിലും പരീക്ഷണം നടത്തിയത്.
അജിത് കുമാർ തന്റെ മൂന്ന് ഏക്കർ ഭൂമിയിലാണ് പ്ലാവ് നട്ട് വളർത്തുന്നത്. ആയിരം പ്ലാവിന്റെ തൈകൾ നട്ടുവളർത്തിയിട്ട് മൂന്നര വർഷമാകുന്നു. രണ്ട് കൊല്ലമായി വിളവെടുപ്പ് തുടങ്ങി. വർഷത്തിൽ മൂന്നുതവണ കായ്ഫലം കിട്ടുന്ന ഇനമായതിനാൽ ഇടവേളയില്ലാതെ വിളവെടുക്കാൻ സാധിക്കുന്നു. ചക്കയ്ക്ക് നല്ല മാർക്കറ്റ് ഉള്ള ആലപ്പുഴ, എറണാകുളം മേഖലകളിലേക്കാണ് ഇവ കയറ്റി അയക്കുന്നത്. ഇതിനു പുറമേ ഒരേക്കറിൽ വിവിധയിനം മാവും നട്ട് വിളവെടുക്കുന്നു.
അഞ്ഞൂറ് മൂട് അത്യുത്പാദന ശേഷിയുള്ള മാവിൻതൈകളാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്. തൈകൾ തമ്മിൽ രണ്ട് മീറ്റർ അകലത്തിലും വരികൾ തമ്മിൽ മൂന്നു മീറ്റർ അകലത്തിലുമാണ് നടുന്നത്. ഹൈഡൻ സിറ്റി ഇസ്രയേൽ രീതിയിലാണ് മാവിൻ തൈകൾ നട്ടു വളർത്തുന്നത്. രണ്ടര വർഷം പ്രായമായ മാവിൻ തൈകൾ പൂക്കാനും കായ്ക്കാനും തുടങ്ങിയെങ്കിലും വിളവെടുപ്പ് തുടങ്ങിയിട്ടില്ല.
കൃഷിയിൽ നിന്നു മാത്രം പത്ത് ലക്ഷം രൂപയാണ് വാർഷികാദായമായി ലഭിക്കുന്നത്. ഇതിനെല്ലാം പുറമേ ഇടവിളയായി പച്ചക്കറി കൃഷിയുമുണ്ട്. ജലസേചനത്തിനായി അടുത്തുള്ള പാറക്കുളവുമുണ്ട്. കൃഷി ലാഭകരമായതോടെ ചക്ക ഡ്രൈ ഫ്രൂട്ടാക്കി വിദേശവിപണി നേടാനുള്ള ശ്രമത്തിലാണ് അജിത് കുമാർ. മടവൂർ നാവായിക്കുളം അതിർത്തിയായ സീമന്തപുരത്തുള്ള ഈ തോട്ടം ഇനിയും ബന്ധപ്പെട്ടവർ സന്ദർശിച്ചിട്ടില്ലെന്ന് അജിത് കുമാർ പറയുന്നു.