
അരുവിപ്പുറം പ്രതിഷ്ഠയുടെ 136-ാം വാർഷികദിനമാണ് നാളെ (ശിവരാത്രി). 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന മഹിതമായ ഉണർത്തുപാട്ട് പിറന്ന സുദിനം. സ്വത്വബോധം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ശ്രീനാരായണ ഗുരുദേവൻ നൽകിയ പാട്ടായിരുന്നു അത്. അവരവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് പലതരത്തിൽ ഈ മന്ത്രത്തിന്റെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെന്നവർ ധാരാളം. അപ്പോഴും ഒരു പ്രഹേളികയായി ഈ മന്ത്രം നിലകൊള്ളുന്നു. ഇതിന്റെ പ്രസക്തിയെക്കുറിച്ച് നാം ഇപ്പോഴും ചിന്തിക്കുന്നത്, യഥാർത്ഥത്തിൽ ഇപ്പോഴും നമ്മൾ സ്വതന്ത്രരല്ലെന്ന ബോധം കാരണമല്ലേ?
'മനനാത് ത്രയതേ ഇതി മന്ത്ര:" എന്നാണ് മന്ത്രത്തിന്റെ നിർവചനം. എന്തിനെയാണ് മനനം കൊണ്ട് ത്രണനം ചെയ്യേണ്ടത്? നിരന്തര വിശകലനംകൊണ്ട് ഒന്നൊന്നായി എണ്ണിയെണ്ണി പൊരുളൊടുങ്ങിയാൽ മാത്രമേ നമുക്ക് സ്വാതന്ത്ര്യം ലഭിക്കൂ എന്ന് ഗുരു പറയുന്നു. മരണാനന്തര മുക്തിയെക്കുറിച്ചോ സ്വാതന്ത്ര്യത്തെക്കുറിച്ചോ അല്ല ഗുരുവിന്റെ വിവക്ഷ. ഈ ജാഗ്രതാവസ്ഥയിൽ, അതായത് നാം ഉണർന്നിരിക്കുമ്പോൾ എന്തിൽ നിന്നെല്ലാം സ്വതന്ത്രരായിരിക്കണം എന്നാണ് ഗുരു പറയുന്നത്.
അരുവിപ്പുറം പ്രതിഷ്ഠ നിർവഹിക്കുന്ന സമയത്ത് ജാതീയമായ കാരണങ്ങളാൽ മനുഷ്യന് സ്വാർത്ഥമതികൾ ക്രൂര മനസ്ഥിതി കൊണ്ട് മതിലുകൾ തീർത്ത് മാറ്റിനിറുത്തി. അറിവില്ലാത്ത മനുഷ്യർ അത് ശരിയെന്നു വിശ്വസിച്ചു. അവിദ്യ അവരെ കൂടുതൽ ഇരുട്ടിലേക്ക് ചവിട്ടിത്താഴ്ത്തി. ഇതിനെതിരെ ഗുരുവിന്റെ പടവാൾ ജ്ഞാനമായിരുന്നു. മനുഷ്യാണാം മനുഷ്യത്വം ജാതിയെന്ന് താത്വികമായും, പുണർന്നുപെറുമെല്ലാമൊരിനമാം എന്ന് ജൈവശാസ്ത്രപരമായും ഇതിനെ മനനം ചെയ്യുമ്പോഴാണ് ജാതിഭേദം ഇല്ലാതാകുന്നത്. പക്ഷേ, കാലമെത്രയോ കഴിഞ്ഞിട്ടും ഇല്ലാത്ത ജാതിയിൽ അഭിമാനം കൊള്ളുന്നവരല്ലേ ഇപ്പോഴും ഓരോരുത്തരും! ഈ മിഥ്യാഭിമാനമാണ് ഇന്നും സാക്ഷരകേരളത്തിൽ മതേതരത്വം പറയുന്നവരും അനുവർത്തിക്കുന്നത്.
സ്വത്വബോധം ഉണരണമെങ്കിൽ ജ്ഞാനമെന്ന ഖഡ്ഗം ഉപയോഗിക്കണം. ജ്ഞാനം ഉപയോഗിക്കാൻ പലർക്കും ഭയമാണ്. ഒന്നിന്റെയും പിൻബലമില്ലാതെ നിൽക്കുകയെന്നത് നിസ്സാരമല്ല. ജാതിയിലോ വിശ്വാസത്തിലോ സിദ്ധാന്തത്തിലോ- എവിടെയെങ്കിലും ചാരിനിൽക്കണം നമുക്ക്! ഈ മനശാസ്ത്രം മനസ്സിലാക്കി, താത്കാലം എവിടെയെങ്കിലും ചാരിനിന്നോട്ടെ എന്ന രീതിയിലാണ് ഗുരു അവർക്കായി ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയത്. പിന്നീട് ഗുരു തന്നെ പറഞ്ഞു; ഇനി ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടതെന്ന്. തത്വശാസ്ത്രം പ്രാവർത്തികമാക്കുന്നതിനുള്ള ധൈര്യമാണ് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്. ആ ധൈര്യം നൽകുന്നത് ശുദ്ധമായ ജ്ഞാനമാണ്.
'അഭിപ്രായോ മതം നാമ മഹതാം തത്വവേദിന' എന്ന പ്രമാണം ഗുരുദേവൻ മതത്തെക്കുറിച്ച് പറഞ്ഞു. തത്വ സാക്ഷാത്കാരം നേടിയവരുടെ, പ്രപഞ്ചസത്യത്തെക്കുറിച്ചുള്ള അഭിപ്രായമാണ് മതം. ഇതിൽ വിശ്വാസങ്ങൾക്കോ ആചാരങ്ങൾക്കോ ഒരു സ്ഥാനവുമില്ല. പക്ഷേ ഇന്ന് അറിയപ്പെടുന്ന ആചാരാനുഷ്ഠാനം. മതങ്ങളിൽ നിന്നും മതത്തെ തിരിച്ചറിയുവാൻ ബുദ്ധിമുട്ടാണ്. വ്യക്തതയില്ലാത്ത മതനേതാക്കൾ മതത്തെ നയിക്കുന്നു എന്നതാണ് ക്രൂരത. മതത്തെക്കുറിച്ചുള്ള അവ്യക്തത ഭരണതലത്തിലേക്കും സംക്രമിക്കുന്നത് അപകടമാണ്. എല്ലാവരുടേയും അവകാശവാദം മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്നാണ്. എന്നാൽ ഉദ്യോഗതലത്തിലും ഭരണതലത്തിലും സാധാരണക്കാർക്ക് ഒരിക്കലും സുരക്ഷിതത്വം ലഭിക്കുന്നില്ല. രാജഭരണകാലത്തും ഈ അവസ്ഥയുണ്ടായിരുന്നു എന്ന് മറക്കരുത്.
മനുഷ്യവർഗം നേരിടുന്ന വെല്ലുവിളികൾ എത്ര സങ്കീർണമാണെന്ന് ഗുരുവിന് വ്യക്തതയുണ്ടായിരുന്നു. സാമൂഹികമായും, മനശാസ്ത്രപരമായും, സംഘടനാപരമായും, വൈകാരികമായും, ധിഷണാപരമായും, ആധുനിക ശാസ്ത്രത്തിന്റെ തലത്തിലും എങ്ങനെ ഒരു വ്യക്തിയെ സ്വാധീനിക്കാമെന്നും, അതിന്റെ അപകടങ്ങളിൽപ്പെടാതെ സുരക്ഷിതമായി എങ്ങനെ അതിവർത്തിക്കാമെന്നും ഗുരു കൃതികളിലൂടെ വെളിപ്പെടുത്തുന്നു. മനുഷ്യജീവിതത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് ശിവശതകത്തിൽ ഗുരു പറയുന്നത്, മാതാപിതാക്കളും ആത്മസുഹൃത്തുക്കളും മറ്റും കൂടെയുണ്ടെന്ന് മനുഷ്യൻ കരുതുന്നത് അറിവില്ലായ്മ കാരണമാണെന്നാണ്. ഇതു മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി.
വിവേകം മനുഷ്യനു മാത്രമേയുള്ളൂ. അത്ര വിശിഷ്ടമായ കഴിവു ലഭിച്ച മനുഷ്യൻ, സ്വാർത്ഥത ഇല്ലാതാക്കി സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം സൃഷ്ടിക്കുവാൻ എന്തുകൊണ്ട് ഈ വിവേകത്തെ ഉപയോഗിക്കുന്നില്ല? ഓരോ വ്യക്തിയിലും അന്തർലീനമായിരിക്കുന്ന ഷഡ്വൈരികളെ തിരിച്ചറിയുവാനും അതിവർത്തിക്കുവാനും അയാളുടെ വിവേകത്തെ ഉപയോഗപ്പെടുത്തുവാനും ഇന്നത്തെ വിദ്യാഭ്യാസം ഉതകാത്തതുകൊണ്ടാണ് വ്യക്തിത്വ വികസനം സാദ്ധ്യമാകാത്തത്. അയാൾ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ വെറും സ്വപ്നജീവികളായി അധഃപതിച്ചു പോകുന്നു. വ്യക്തിബന്ധങ്ങളിലും മാതാപിതാക്കളുമായുള്ള ബന്ധത്തിലും ഭാര്യാഭർതൃ ബന്ധത്തിലും മറ്റും തകർച്ച സംഭവിക്കുന്നത് ഈ സ്വപ്നജീവിതം കാരണമാണ്.
സ്വപ്നത്തിൽനിന്ന് ഉണർന്ന് യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാണ് മനുഷ്യജന്മത്തിന്റെ പൂർണ്ണത. ഈ പൂർണ്ണതയിൽ മാത്രമാണ് സോദരത്വേന വാഴുന്ന ഒരു മാതൃകാ ലോകസൃഷ്ടി സാദ്ധ്യമാവുക. അറിവിന്റെ അടിത്തറ പാകി അങ്ങനെയൊരു മാതൃകാലോകം സൃഷ്ടിക്കലാണ് ഗുരു വിഭാവനം ചെയ്യുന്നത്. അറിവിന്റെ അടിത്തറ ശക്തമാകാത്തതും ശക്തമാക്കാത്തതുമാണ് എല്ലാ താളപ്പിഴകൾക്കും കാരണമെന്ന് നാം തിരിച്ചറിയുന്നുണ്ടോ? ഈ മഹാശിവരാത്രിയുടെ ഉണർത്തുപാട്ടായി എന്തുകൊണ്ട് അറിവിനെ സ്വീകരിച്ച് സ്വാംശീകരിച്ചു കൂടാ?
ശിവസങ്കല്പത്തിലെ പ്രധാനപ്പെട്ട ഒരു തത്വം അർദ്ധനാരീശ്വര സങ്കൽപ്പമാണ്. സമത്വം എന്ന ആശയം ആയിരക്കണക്കിന് വർഷം മുൻപേ ഭാരതത്തിൽ നിലനിന്നിരുന്നു എന്നും ഉപനിഷദ്കാലത്ത് അത് പ്രാവർത്തികമായിരുന്നു എന്നും കാണാം. ആധുനിക ശാസ്ത്രം ഇത്ര വികസിച്ചിട്ടും സ്ത്രീ പുരുഷ സമത്വം പ്രാവർത്തികമാക്കുവാൻ ആർക്കും സാധിച്ചിട്ടില്ല! നമ്മുടെ വീടുകളിലോ ഭരണതലത്തിലോ എങ്ങും സ്ത്രീക്ക് പകുതി അവകാശം അനുവദിക്കാത്തതും പുരുഷവർഗാധിപത്യമല്ലേ? ജ്ഞാനം ആർജ്ജിച്ച് സ്വമഹിമയിൽ ജീവിതം കൃതകൃത്യമാക്കുവാൻ കൂടി ഈ ശിവരാത്രിവേളയിൽ ഗുരുവചനം ഉദ്ഘോഷിക്കുകയാണ്. ആ ഉണർത്തുപാട്ട് വീണ്ടും കേൾക്കുവാനും ആ പാട്ടിന്റെ താളലയത്തിൽ അലിഞ്ഞു ചേരുവാനും ഏവരെയും അരുവിപ്പുറം തപോഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു.