pinarayi

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെ കെഎൻഎം ഉപാദ്ധ്യക്ഷൻ ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം .ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റുചെയ്തുവെന്നാണ് ഹുസൈൻ മടവൂർ മുഖാമുഖത്തിനിടെ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

'എന്ത് തെമ്മാട‌ിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാവും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷേ, അതിൽ മുസ്ലീം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചല്ല പൊലീസ് അറസ്റ്റുചെയ്തത്. ഹുസൈൻ മടവൂരിനെപ്പോലുളളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പൊലീസിന്റെ ഭാഗത്ത് തെറ്റുകളുണ്ടാവാം. തെറ്റുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും എടുക്കാം'-. എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

വാഹനമിടിപ്പിച്ച സംഭവത്തിൽ 27 വിദ്യാര്‍ത്ഥികളെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇവരിൽ പത്ത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. എല്ലാവര്‍ക്കും ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈൻ മടവൂര്‍ മുഖാമുഖം പരിപാടിയിൽ ഉന്നയിച്ചത്.