
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയാണ് മേഘാലയയിലെ ഉംഗോട്ട്. കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിലൂടെ ബോട്ട് യാത്രയിൽ, അടിത്തട്ടിലെ മീനുകളും വെള്ളാരംകല്ലുകളും വരെ തെളിഞ്ഞു കാണും!
ഈ ബോട്ട് എയറിലാണ്! 2021 നവംബറിൽ ഉംഗോട്ട് നദിയിൽ നിന്നുള്ള ആകാശക്കാഴ്ച എക്സിൽ പങ്കുവച്ച് ജൽശക്തി മന്ത്രാലയം കുറിച്ചതാണ് ഇങ്ങനെ. നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായി. ഒറ്റനോട്ടത്തിൽ ഒരു ബോട്ട് വായുവിൽ നിൽക്കുന്നു. അത് മുന്നോട്ടുപോകുമ്പോൾ ബോട്ട് പറക്കുന്നതു പോലെ. ത്രീഡി ചിത്രമാണോ എന്ന് അതിശയിച്ചവരും ഏറെ. ഒരു കണ്ണാടി പോലെ തെളിഞ്ഞ് ഒഴുകുകയാണ് നദി. അടിത്തട്ടിലെ വെള്ളാരംകല്ലുകളും മണ്ണും വരെ വ്യക്തമായി കാണാം. നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ. മാലിന്യം തൊട്ടുതീണ്ടാത്ത വെള്ളം.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയെന്ന അദ്ഭുതമാണ് മേഘാലയയിലെ ഉംഗോട്ട് നദി. ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്നായ ഉംഗോട്ട് കാണാൻ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. മേഘാലയയിലെ പച്ചപ്പു നിറഞ്ഞ താഴ്വരകളും വെള്ളച്ചാട്ടങ്ങളും വനവും ഒപ്പം ഉംഗോട്ട് നദിയും.... അതൊരു അനുഭൂതി തന്നെയാണ്. കര മുഴുവൻ ചെറുതും വലുതുമായ വെള്ളാരംകല്ലുകളാണ്. ഇവിടെ ബോട്ട് മത്സരം നടക്കാറുണ്ട് എന്നതും കൗതുകകരം.
തലസ്ഥാനമായ ഷില്ലോംഗിൽ നിന്ന് 95 കിലോമീറ്റർ അകലെയാണ് ദാവ്കി എന്ന ചെറു പട്ടണം. പടിഞ്ഞാറൻ ജയന്തിയ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ദാവ്കിയിലൂടെയാണ് നദി ഒഴുകുന്നത്. അതുകൊണ്ട് ദാവ്കി നദിയെന്നും വാ ഉംഗോട്ട് എന്നും നദി അറിയപ്പെടുന്നു. നദിക്ക് ഇരുവശവും ഖാസി കുന്നുകളും ജയന്തിയ കുന്നുകളും. നദിയെ ആശ്രയിച്ചു മാത്രം ആയിരങ്ങളാണ് ജീവിക്കുന്നത്. പ്രദേശവാസികളുടെ പ്രധാന ആശ്രയം ടൂറിസവും മത്സ്യബന്ധനവുമാണ്. പ്രകൃതിഭംഗി ആസ്വദിച്ച് ഒന്നു കറങ്ങിവന്നാൽ അവിടെനിന്നു പിടിച്ച മത്സ്യം പാകം ചെയ്തത് വാങ്ങിക്കഴിക്കാം!
ഇത്രയൊക്കെ ആളുകൾ എത്തിയിട്ടും കച്ചവടം നടന്നിട്ടും നദിയും പരിസരവും വൃത്തിയുള്ളതാണ്. അതിന് നാട്ടുകാരും സർക്കാരും പ്രത്യേകം ശ്രദ്ധിക്കുന്നു. ഇനിയുമുണ്ട് പ്രത്യേകതകൾ. ദാവ്കി മാർക്കറ്റിന് ഒരു കിലോമീറ്റർ അകലെയുള്ള ജാഫ്ർലോംഗ് സീറോ പോയിന്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഇന്ത്യയും ബംഗ്ലാദേശും വേർതിരിക്കപ്പെടുന്ന പോയിന്റാണിത്. ഒരേസമയം ഇരു രാജ്യങ്ങളിലും കാൽ കുത്താം. ദാവ്കി റിവായ് റോഡിനിരു വശവും മരങ്ങൾ തിങ്ങിനിൽക്കുന്ന കുന്നുകളാണ്. അവിടെ മനോഹരമായ വെള്ളച്ചാട്ടമുണ്ട്. ഹോം സ്റ്റേകളും വീടുകളും ഒരുക്കിയിട്ടുള്ള മൗലിനോംഗ് എന്ന പ്രദേശവും കണ്ടിരിക്കേണ്ടതാണ്.
1932ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ദാവ്കി തൂക്കുപാലം നദിക്കു കുറുകെയുണ്ട്. ഈ പാലം ഇന്ത്യയേയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്നു. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള കവാടം എന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരപാത കൂടിയാണ് നദി. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന മൗലിനോംഗിൽ കൂടിയും നദി ഒഴുകുന്നു. കൽക്കരി ഖനനത്തിനും ചുണ്ണാമ്പുകല്ല് കയറ്റുമതിക്കും വർഷങ്ങളായി ഇരു രാജ്യങ്ങളും ആശ്രയിക്കുന്നത് ഈ പ്രദേശത്തെയാണ്.
മനുഷ്യസാന്നിദ്ധ്യം, ഖനനം ഇതൊന്നും ഉംഗോട്ടിനെ ബാധിച്ചിട്ടില്ല. സ്ഫടികം പോലെ നദി വെട്ടിത്തിളങ്ങാൻ കാരണമെന്താണെന്ന് ഇപ്പോഴും വിദഗ്ദ്ധർ അന്വേഷിക്കുന്നു. ഭൂപ്രകൃതി തന്നെയാണ് വലിയ പ്രത്യേകത. ഖാസി കുന്നുകളും ജയന്തിയ കുന്നുകളും ഒരുക്കുന്ന സംരക്ഷണം വലുതാണ്. കുത്തനെയുള്ള ചെരിവുകളുള്ളതിനാൽ നദീതീരത്ത് മനുഷ്യവാസം കുറവാണ്. ഉത്ഭവ സ്ഥാനം മുതൽ അതിർത്തി കടക്കുന്നതു വരെ മൂന്ന് ചെറിയ ഗ്രാമങ്ങൾ മാത്രമേയുള്ളൂ. ചുണ്ണാമ്പ് പോലുള്ള ധാതുക്കളുള്ളതും വെള്ളത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് കാരണമായേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.