
പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഇന്ത്യാക്കാരിൽ വ്യാപകമായി കണ്ടുവരികയാണ്. ഇതിനുള്ള പ്രധാന കാരണം പൊണ്ണത്തടിയാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുപോലെ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്. അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ യുഎസിനും ചൈനയ്‌ക്കും തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യ.
മെഡിക്കൽ ജേണലിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, 5 മുതൽ 19 വയസിനിടയിലുള്ള 10 ദശലക്ഷം പേർ ഉൾപ്പെടെ ഏകദേശം 80 ദശലക്ഷം ഇന്ത്യക്കാർ അമിതവണ്ണമുള്ളവരാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിൽ പൊണ്ണത്തടി കൂടുന്നതിനെപ്പറ്റി പ്രത്യേകം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 1990 മുതൽ 2022 വരെ 188 രാജ്യങ്ങളിലെ സ്ത്രീകളിൽ നടത്തിയ സർവേ പ്രകാരം, ഇന്ത്യയിലെ സ്ത്രീകൾക്ക് പൊണ്ണത്തടി ഉണ്ടാകാനുള്ള സാദ്ധ്യത 94 ശതമാനം വർദ്ധിച്ചതായും കണ്ടെത്തി.

സർവേയിലെ ചില പ്രധാന വിവരങ്ങൾ

എന്തുകൊണ്ട് ഭയക്കണം?
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ശരീരത്തിലെ കൊഴുപ്പ് അസാധാരണമായോ അമിതമായോ ശേഖരിക്കുകയാണെങ്കിൽ അത് അമിതവണ്ണത്തിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. നിങ്ങളുടെ ബിഎംഐ കണക്കാക്കുമ്പോൾ അത് 25ൽ കൂടുതലാണെങ്കിൽ അവർ അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇത് 30ൽ കൂടുതലാണെങ്കിൽ അവർ പൊണ്ണത്തടിയുള്ളവരാണ്. ഇവർക്ക് രോഗങ്ങൾ വരാനുള്ള സാദ്ധ്യത വളരെയേറെ കൂടുതലാണ്.

എന്തുകൊണ്ട് സ്ത്രീകളിൽ പൊണ്ണത്തടി കൂടുന്നു?
വേണ്ട പോഷകാഹാരങ്ങൾ കഴിക്കാത്തത്തും വ്യായാമക്കുറവുമാണ് സ്ത്രീകളിൽ പൊണ്ണത്തടിയുണ്ടാകുന്നതിനുള്ള പ്രധാന കാരണം. മാത്രമല്ല, ഗർഭധാരണം, ആർത്തവ വിരാമം തുടങ്ങിയ ഘടകങ്ങൾ സ്ത്രീകളുടെ ശരീരഭാരത്തെ ബാധിക്കുന്നതായും കണ്ടെത്തി. ചിലർക്ക് പുറമേ തടി തോന്നിക്കില്ലെങ്കിലും ഭാരം കൂടുതലായിരിക്കും. ഇത് അപകടകരമാണെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
എങ്ങനെ നിയന്ത്രിക്കാം?
നല്ല ഭക്ഷണ ശീലം, വ്യായാമം എന്നിവ സ്ഥിരമായ ചെയ്താൽ മാത്രമേ ശരീരഭാരവും ആരോഗ്യവും നിലനിർത്താൻ സാധിക്കുകയുള്ളു. മാത്രമല്ല, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുണ്ടെങ്കിൽ അത് പൂർണമായും ഉപേക്ഷിക്കേണ്ടതും അനിവാര്യമാണ്. സോഡ, മധുരമുള്ള കാപ്പി, പാനീയങ്ങൾ, പഞ്ചസാര എന്നിവയും ഒഴിവാക്കണം.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂറാണ് വ്യായാമം ചെയ്യേണ്ടത്. കുട്ടികൾക്ക് പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണങ്ങൾ കഴിവതും നൽകാതിരിക്കുക. പാക്കറ്റ് ഫുഡുകൾ, ജങ്ക് ഫുഡുകൾ എന്നിവയും ഒഴിവാക്കണം. പകരം പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഫോണുകളും ടിവിയും ഉപയോഗിക്കുന്നതിന് പകരം ഔട്ട്‌ഡോർ ഗെയിമുകൾ, സ്‌പോർട്‌സ് പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പറയണം. കുട്ടികളെക്കൊണ്ട് വീട്ടിലെ ജോലികൾ ചെയ്യിക്കുന്നതും നല്ലതാണ്.