
വീട് വൃത്തിയായി സൂക്ഷിക്കുകയെന്നത് കുറച്ച് പാടുളള ഒരു കാര്യം തന്നെയാണ്. അടുക്കളയുടെ അവസ്ഥയും പറയണ്ടല്ലോ. ഏറ്റവും കൂടുതൽ കറ പിടിക്കാൻ സാദ്ധ്യതയുളള ഒരിടമാണ് അടുക്കള. പാചകം ചെയ്യുമ്പോഴുണ്ടാകുന്ന കറകൾ, പുകയുടെ കറ തുടങ്ങി പലകാര്യങ്ങളിലൂടെ അടുക്കളയുടെ വൃത്തി കുറയാനുളള സാഹചര്യമുണ്ട്.
അതിനാൽ തന്നെ അടുക്കള കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും പാത്രങ്ങളിലെ കറകൾ നീക്കം ചെയ്യാനുമായി വിവിധ തരത്തിലുളള ഉൽപ്പന്നങ്ങൾ നമ്മൾ വാങ്ങാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അവയുപയോഗിച്ച് എത്ര കഴുകിയാലും പാത്രങ്ങളിലെ കറകൾ പൂർണമായും നിക്കം ചെയ്യാൻ സാധിക്കണമെന്നില്ല. ചിലപ്പോഴൊക്കെ ഇത്തരത്തിലുളള വസ്തുക്കളുടെ അംശം പാത്രത്തിൽ നിന്ന് പൂർണമായി പോകണമെന്നില്ല,
ഇത് ഭക്ഷണം കഴിക്കുമ്പോൾ ഉളളിലേക്കെത്തുകയാണെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും.എന്നാൽ ഇനി യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഈ പ്രശ്നം പരിഹരിക്കാം. ഒരു രൂപ പോലും മുടക്കാതെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഒരു ലിക്വീഡ് ക്ലീനർ ഉണ്ടാക്കാവുന്നതേയുളളൂ.മിക്ക വീടുകളിലും ഇപ്പോൾ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇഞ്ചൻ പുളി അല്ലെങ്കിൽ പുളിഞ്ചിക്ക. ഉപയോഗിക്കാതെ നശിച്ചുപോകുന്ന ഇഞ്ചൻ പുളിയുപയോഗിച്ച് ഒരു ഉഗ്രൻ ലിക്വിഡ് ക്ലീനർ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
നന്നായി പഴുത്ത ഇഞ്ചൻ പുളിയാണ് ഉത്തമം. രണ്ട് വലിയ കപ്പിൽ ഇഞ്ചൻ പുളി കുക്കറിൽഎടുക്കുക. ശേഷം ആവശ്യമായ വെളളം ഒഴിച്ചുകൊടുക്കുക. രണ്ട് കപ്പ് ഉപ്പും കൂടി ഇട്ടതിന് ശേഷം നന്നായി ചൂടാക്കിയെടുക്കുക. ചൂട് പോയതിന് ശേഷം മിക്സിയുപയോഗിച്ച് നന്നായി അരച്ചെടുക്കുക. മിശ്രിതത്തിനെ നന്നായി അരിച്ചെടുത്തതിന് ശേഷം രണ്ട് കപ്പ് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് യോജിപ്പിച്ചെടുക്കുക,കറ പറ്റിയ പാത്രങ്ങളും വാഷിൻബേസിനുകളും ഈ ക്ലീനർ ഉപയോഗിച്ച് അനായാസം വൃത്തിയാക്കിയെടുക്കാവുന്നതാണ്.