
വാഷിംഗ്ടൺ: 2020ന് സമാനമായ ഏറ്റുമുട്ടലുറപ്പിച്ച് യു.എസ്. ഡൊമോക്രാറ്റിക് പാർട്ടിയിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഡൊണാൾഡ് ട്രംപും പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ ഉറപ്പിച്ചു. നിലവിൽ ഇരുപാർട്ടികളിലും സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഉൾപാർട്ടി തിരഞ്ഞെടുപ്പുകൾ (പ്രൈമറി / കോക്കസ് ) തുടരുകയാണ്. 19 സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ 18ലും ബൈഡൻ ജയിച്ചു. ബൈഡന് ശക്തരായ എതിരാളികളില്ല. 26 റിപ്പബ്ലിക്കൻ തിരഞ്ഞെടുപ്പുകളിൽ 24 എണ്ണത്തിൽ ട്രംപ് നിഷ്പ്രയാസം ജയിച്ചു. രണ്ടിടത്ത് ജയിച്ച ഇന്ത്യൻ വംശജയും സൗത്ത് കാരലൈന മുൻ ഗവർണറുമായ നിക്കി ഹേലി മത്സരങ്ങളിൽ നിന്ന് പിന്മാറാൻ ഇന്നലെ തീരുമാനിച്ചു. ഇതോടെ ട്രംപിന് എതിരാളികൾ ആരുമില്ല. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവർ നേരത്തെ മത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.
തൃപ്തരല്ലെന്ന് സർവേ
ബൈഡൻ - ട്രംപ് റീമാച്ചിനോട് യു.എസ് ജനത തൃപ്തരല്ലെന്നാണ് സർവേ ഫലങ്ങൾ.
അതിനുള്ള കാരണങ്ങൾ.
ബൈഡന്റെ പ്രായം - ബൈഡൻ (81) യു.എസ് ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റാണ്. ഇക്കാര്യത്തിൽ നിരവധി പേർക്കാണ് ആശങ്ക. നാക്കുപിഴകളും ബാലൻസ് തെറ്റിയുള്ള വീഴ്ചകളും ഇതിന് ആക്കം കൂട്ടുന്നു
ട്രംപിന്റെ കേസുകൾ - ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്‌റ്റിലാകുന്ന ആദ്യ മുൻ പ്രസിഡന്റാണ് ട്രംപ്. ക്യാപിറ്റൽ ആക്രമണം അടക്കം നാല് ക്രിമിനൽ കേസുകളിലായി 91 കുറ്റങ്ങളാണ് ട്രംപിനുള്ളത്.
തൂത്തുവാരി സൂപ്പർ ചൊവ്വ
ചൊവ്വാഴ്ച 15 സ്റ്റേറ്റുകളിലാണ് ഇരുപാർട്ടികളുടെയും തിരഞ്ഞെടുപ്പ് നടന്നത്. അതിനാൽ സൂപ്പർ ചൊവ്വ എന്ന് പറയുന്നു. വെർമോണ്ട് ഒഴികെ എല്ലായിടത്തും ട്രംപ് ജയിച്ചു. വെർമോണ്ടിൽ 49.9ശതമാനം വോട്ടോടെ നിക്കി അപ്രതീക്ഷിത ജയം നേടി. നേരത്തെ വാഷിംഗ്ടൺ ഡി.സിയിലും നിക്കി ജയിച്ചിരുന്നു. 14 ഇടത്തേക്ക് ബൈഡൻ ജയിച്ചപ്പോൾ അമേരിക്കൻ സമോവയിൽ 11 വോട്ടിന് സംരംഭകനായ ജേസൺ പാൽമർ ജയിച്ചു. ജൂൺ ആദ്യ വാരം വരെ വിവിധ സ്റ്റേറ്റുകളിലായി തിരഞ്ഞെടുപ്പുകൾ തുടരും.
സസ്പെൻസ്
കമലാ ഹാരിസാണ് ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. എന്നാൽ തന്റെ വൈസ് പ്രസിഡന്റ് നോമിനിയുടെ കാര്യത്തിൽ ട്രംപ് സസ്പെൻസ് തുടരുന്നു. ഡിസാന്റിസ്, വിവേക് രാമസ്വാമി, സൗത്ത് കാരലൈന സെനറ്റർ ടിം സ്കോട്ട്, സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം, ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗം തുൾസി ഗബ്ബാർഡ് തുടങ്ങിയവർ പരിഗണനയിലുണ്ടെന്നാണ് വിവരം.