
പുതുച്ചേരി:പുതുച്ചേരിയിൽ വീട്ടിൽ നിന്ന് കാണാതായ ഒൻപതുകാരിയുടെ മൃതദേഹം ഓടയിൽ കണ്ടെത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി.
നഗരത്തിലെ ഷോലൈ നഗറിനു സമീപം അഴുക്കുചാലിൽ കൈയും കാലും കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലായിരുന്നു.
പുതുച്ചേരി ഷോലൈമേട് സ്വദേശിയായ ഒമ്പത് വയസ്സുകാരിയെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കാണാതായത്. സ്ഥലത്തെ സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി.
പൊലീസ് പ്രത്യേക സംഘം തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വീടിനടുത്തുള്ള ഓടയിൽ മൃതദേഹം കണ്ടെത്തിയത്.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മണിക്കൂറുകൾക്കകം അഞ്ച് പ്രതികൾ പിടിയിലായി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം നടന്നുവരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉറപ്പുനൽകി. മുഖ്യമന്ത്രി എൻ. രംഗസാമി പൊലീസ് ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തി. പെൺകുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പ്രതികളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പുതുച്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. നാല് ദിവസം മുമ്പ് പരാതി നൽകിയതാണെന്നും പൊലീസ് അനാസ്ഥ കാണിച്ചെന്നും നാട്ടുകാർ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കേന്ദ്ര സേന എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.