
കുടുംബശ്രീ എന്നത് ഇപ്പോൾ സംസ്ഥാനത്ത് വെറുമൊരു സർക്കാർ സംരംഭത്തിന്റെ പേരല്ല. താഴേത്തട്ടിലെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തുടങ്ങിയ കുടുംബശ്രീ, ഒരു വനിതാ കൂട്ടായ്മയെന്നതിനപ്പുറം ജനകീയ ഹോട്ടലുകളിലൂടെയും കഫേകളിലൂടെയും ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെയും മറ്റും കേരളീയ സമൂഹത്തിലെ സജീവ സാന്നിദ്ധ്യവും, ന്യായവിലയ്ക്ക് ഭക്ഷ്യോത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും നിർവഹിച്ച് ഗ്രാമീണ ജീവിതത്തിൽ ഗുണപരമായ ഇടപെടൽ നടത്തുന്ന മാതൃകാ സംരംഭവുമാണ്. ഇരുപത്തഞ്ചു വർഷങ്ങൾക്കിടെ ആ പേര് ഒരു ബ്രാൻഡ് എന്ന നിലയിലേക്കു വളർന്ന് പുതിയൊരു കേരളാ മോഡലിന്റെ സുന്ദര മുദ്രയാവുകയും ചെയ്തിരിക്കുന്നു. കുടുംബശ്രീ മിഷനു കീഴിലെ ഏറ്റവും പുതിയ സംരംഭമായ ലഞ്ച് ബെല്ലിന് തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ ദിവസമാണ് തുടക്കമായത്.
പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നതു പോലെ, ന്യായവിലയ്ക്ക് രുചികരവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം സെക്രട്ടേറിയറ്റിലും തലസ്ഥാന നഗരത്തിലെ മറ്ര് സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഓർഡർ അനുസരിച്ച് എത്തിച്ചുകൊടുക്കുന്നതാണ് ലഞ്ച് ബെൽ പദ്ധതി. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ആയ പോക്കറ്റ് മാർട്ട് വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക. രാവിലെ ഏഴു മണി വരെ സ്വീകരിക്കുന്ന ഓർഡറുകൾക്കാണ് ആ ദിവസം ഉച്ചഭക്ഷണമെത്തിക്കുക. ഒരു മാസത്തെ വരെ ഉച്ചഭക്ഷണം ഇങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വെജിറ്റേറിയൻ ഊണിന് 60 രൂപയും, നോൺവെജ് ഊണിന് 99 രൂപയുമാണ് നിലവിലെ നിരക്ക്. തുടക്കമെന്ന നിലയിലാണ് നഗരഹൃദയത്തിലെ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഉച്ചഭക്ഷണമെത്തിക്കുക. പദ്ധതിയുടെ വിജയം വിലയിരുത്തി മറ്രിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
വീടുകളിൽ നിന്ന് ഓഫീസിലേക്ക് രാവിലെ ധൃതിപിടിച്ച് ഇറങ്ങിയോടുന്നവരുടെ എന്നത്തെയും പ്രശ്നമാണ് ഉച്ചഭക്ഷണം. ഒന്നുകിൽ രാവിലത്തെ പലഹാരം തന്നെ പൊതിഞ്ഞെടുക്കണം. ഊണുതന്നെ വേണമെങ്കിൽ രാവിലെ കറിയായി എന്തെങ്കിലുമൊന്ന് കാട്ടിക്കൂട്ടി പാത്രത്തിലാക്കി കൊണ്ടുപോകാനേ പറ്റൂ. കൊല്ലുന്ന നിരക്കുള്ള ഹോട്ടലുകളെ ദിവസവും ആശ്രയിക്കാനാകില്ല. അത്തരക്കാർക്ക് അനുഗ്രഹമാകുന്നതാണ് ഇപ്പോൾ തലസ്ഥാന നഗരത്തിൽ ആരംഭിച്ചിരിക്കുന്ന ലഞ്ച് ബെൽ സംരംഭം. ഭക്ഷണമൊരുക്കുന്നതിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള കൈപ്പുണ്യം മലയാളികൾ അംഗീകരിച്ചതാണ്. ആ കൈപ്പുണ്യം ന്യായവിലയ്ക്ക്, ഓഫീസിലെ സീറ്റിൽ കൃത്യസമയത്ത് ദിവസവും കിട്ടുമെന്നതാണ് പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാന നഗരത്തിൽ മാത്രം ആരംഭിച്ച ഈ സംരംഭം വൈകാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാവുന്നതേയുള്ളൂ.
പക്ഷേ, കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സംഭവിച്ച ദുരവസ്ഥ ലഞ്ച് ബെൽ പദ്ധതിക്കു സംഭവിക്കരുത്. സർക്കാരിന്റെ പകുതി സബ്സിഡിയോടെ ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് നൽകാൻ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ തുടങ്ങിയ ജനകീയ ഹോട്ടലുകൾ ഇടക്കാലത്ത് സബ്സിഡി നിലച്ചതോടെ അടച്ചുപൂട്ടേണ്ടിവന്നു. താലിമാല വിറ്റുപോലും കുറച്ചുനാൾ കൂടി ഹോട്ടൽ നടത്തിയ വനിതാകൂട്ടായ്മകളുമുണ്ട്. പിന്നീട് സമരം തെരുവിലായി. ഇതിനെല്ലാം ശേഷമാണ്, നിരക്കു കൂട്ടാനുള്ള തീരുമാനത്തോടെ ജനകീയ ഹോട്ടലുകൾ വീണ്ടും തുറക്കാനായത്. ലഞ്ച് ബെൽ പദ്ധതിക്കുമുണ്ടാകും സർക്കാർ സബ്സിഡി. ഓഫീസുകളിലും ഇതര സ്ഥാപനങ്ങളിലും ന്യായവിലയ്ക്ക് ഉച്ചഭക്ഷണമെത്തിക്കാൻ തുടങ്ങിയ ഈ സംരംഭം, സബ്സിഡി കുടിശ്ശിക കാരണം മുടങ്ങിക്കൂടാ. എത്രയും വേഗം ഈ പദ്ധതി മറ്രിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള സന്മനസ്സും നിശ്ചയദാർഢ്യവുമാണ് ജനകീയ സർക്കാർ കാണിക്കേണ്ടത്.