
മുംബയ്: ഫ്ളൈ91 വിമാന കമ്പനിയ്‌ക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം ലഭിച്ചു.മലയാളിയായ മനോജ് ചാക്കോയാണ് ഫ്ളൈ91ന്റെ ചെയർമാൻ. മുൻപ് കിംഗ്ഫിഷർ എയർലൈൻസിൽ സീനിയർ എക്‌സിക്യൂട്ടീവ് ആയിരുന്നു മനോജ് ചാക്കോ. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജസ്റ്റ് ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ സമ്മതം ലഭിച്ചത്. അതോടെയാണ് ഫ്ളൈ91എന്ന ബ്രാൻഡ്നേമിൽ എയർലൈൻ കമ്പനിയായത്.
മാർച്ച് രണ്ടിന് ഗോവയിലെ മനോഹർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്കായിരുന്നു ഫ്ളൈ91ന്റെ ആദ്യ ടേക്‌ഓഫ്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി അനുസരിച്ച് ചെറുപട്ടണങ്ങളെ ലക്ഷ്യമാക്കിയാകും ഫ്ളൈ91 സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ ഗോവ, കർണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാകും സർവീസുകൾ. അടുത്തഘട്ടത്തിൽ കേരളത്തിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മനോജ് ചാക്കോ മുൻപ് വ്യക്തമാക്കിയിരുന്നു.