
ഇന്ത്യ - ഇംഗ്ളണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ധർമ്മശാലയിൽ തുടക്കം
രവിചന്ദ്രൻ അശ്വിന്റയും ജോണി ബെയർസ്റ്റോയുടേയും നൂറാം ടെസ്റ്റ്
ധർമ്മശാല : ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചുടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് ധർമ്മശാലയിൽ തുടക്കമാകുന്നു. ഇന്ത്യൻ ആൾറൗണ്ടർ രവിചന്ദ്രൻ അശ്വിന്റേയും ഇംഗ്ളീഷ് ബാറ്റർ ജോണി ബെയർസ്റ്റോയുടേയും കരിയറിലെ 100-ാം ടെസ്റ്റ് എന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്.
പരമ്പരയിൽ 3-1ന് ഇന്ത്യ മുന്നിലാണ്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ച് വിസ്മയം സൃഷ്ടിച്ച ഇംഗ്ളണ്ടിനെ അടുത്ത മൂന്ന് ടെസ്റ്റുകളിലും കീഴടക്കിയാണ് ഇന്ത്യ പരമ്പര നേടിയെടുത്തത്. അവസാന ടെസ്റ്റിൽ ജയിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് പരമ്പര കൈമോശം വരില്ല.എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനം നിലനിറുത്താനും ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനം നേടാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. വിരാട് കൊഹ്‌ലിയേയും കെ.എൽ രാഹുലിനെയും ശ്രേയസ് അയ്യരെയും ഷമിയേയും പോലുള്ള സീനിയേഴ്സിന്റെ അഭാവത്തിലാണ് രോഹിത് ശർമ്മ യുവതാരങ്ങളെ ഒപ്പംകൂട്ടി പരമ്പര വിജയം നേടിയിരിക്കുന്നത്. നാലു ടെസ്റ്റുകളിൽ നിന്ന് രണ്ടുവീതം ഇരട്ട സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളും അടക്കം 655 റൺസ് നേടിക്കഴിഞ്ഞ യശസ്വി ജയ്സ്വാളിന്റേയും ആൾറൗണ്ട് മികവ് കാട്ടുന്ന രവീന്ദ്ര ജഡേജയുടേയും കരിയറിൽ 500 വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ട രവിചന്ദ്രൻ അശ്വിന്റയും അരങ്ങേറ്റപരമ്പരയിൽ തന്നെ മികവ് കാട്ടിയ സർഫ്രാസ് ഖാന്റേയും ധ്രുവ് ജുറേലിന്റേയും മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംറയുടെയുമൊക്കെ പിന്തുണയാണ് രോഹിതിന് കരുത്ത് പകരുന്നത്.
അതേസമയം പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ ബസ്ബാൾ തന്ത്രകാലത്തെ ആദ്യ പരമ്പര പരാജയമാണ് ഇംഗ്ളണ്ടിന് ഇന്ത്യയിൽ നേരിടേണ്ടിവന്നത്. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിലും ആദ്യ ടെസ്റ്റിൽ വിജയിച്ചശേഷം ഇംഗ്ളണ്ടിന് പരമ്പര കൈമോശം വന്നിരുന്നു. ഏത് സാഹചര്യത്തിലും ആക്രമിച്ചു കളിക്കുന്ന മക്കല്ലത്തിന്റെ ബസ്ബാൾ ശൈലിയെ അതിനേക്കാൾ മൂർച്ചയേറിയ ആക്രമണംകൊണ്ടാണ് ഇന്ത്യ കീഴടക്കിയത്. കഴിഞ്ഞ ടെസ്റ്റിൽ ജോ റൂട്ട് ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ടീമെന്ന നിലയിൽ ഇന്ത്യയെ പിടിച്ചുകെട്ടാനുള്ള കരുത്ത് ബെൻ സ്റ്റോക്സിനും സംഘത്തിനും ഉണ്ടെന്ന് പറയാനാവില്ല. നാലാം ടെസ്റ്റിലെ ടീമിൽ നിന്ന് ഒരു മാറ്റം മാത്രമേ ഇംഗ്ളണ്ട് ഈ ടെസ്റ്റിൽ വരുത്തിയിട്ടുള്ളൂ. റോബിൻസണിന് പകരം പേസർ മാർക്ക് വുഡായിരിക്കും ധർമ്മശാലയിൽ കളിക്കുക.
ദേവ്‌ദത്തിന് സ്ഥാനമുണ്ടോ?
ഈ പരമ്പരയിൽ രജത് പാട്ടീദാറിനും സർഫ്രാസ് ഖാനും ധ്രുവ് ജുറേലിനും ആകാശ് ദീപിനും അരങ്ങേറാൻ അവസരം നൽകിയ ഇന്ത്യ മറുനാടൻ മലയാളിയായ ദേവ്‌ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നൽകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കെ.എൽ രാഹുലിനെയും അയ്യരെയും മാറ്റിയപ്പോഴാണ് ബായ്ക്കപ്പായി ദേവ്ദത്തിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്. ഫോമിലല്ലാത്ത
രജത് പാട്ടീദാറിന് പകരം ദേവ്ദത്തിനെ കളിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. പേസർ ജസ്പ്രീത് ബുംറ കഴിഞ്ഞ മത്സരത്തിലെ വിശ്രമം കഴിഞ്ഞ് ഈ മത്സരത്തിൽ തിരിച്ചെത്തുന്നുണ്ട്.
ഇന്ത്യൻ ടീം ഇവരിൽ നിന്ന്
രോഹിത് ശർമ്മ(ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,രജത് പാട്ടീദാർ,സർഫ്രാസ് ഖാൻ,ധ്രുവ് ജുറേൽ,കെ.എസ് ഭരത്,അശ്വിൻ, ജഡേജ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്,മൊഹമ്മദ് സിറാജ്,മുകേഷ് കുമാർ,ആകാശ് ദീപ്.
ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവൻ
ബെൻ സ്റ്റോക്സ്, സാക്ക് ക്രാവ്‌ലി,ബെൻ ഡക്കറ്റ്,ഒല്ലീ പോപ്പ്,ജോ റൂട്ട്,ജോണി ബെയർസ്റ്റോ,ബെൻ ഫോക്സ് , ടോം ഹാർട്ട്‌ലി,മാർക്ക് വുഡ്,ജെയിംസ് ആൻഡേഴ്സൺ,ഷൊയ്ബ് ബഷീർ.
9.30am മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും ലൈവ്.
2
താരങ്ങളാണ് ഇന്ന് നൂറാം ടെസ്റ്റ് കളിക്കുന്നത്.
പിച്ചും കാലാവസ്ഥയും
ഹിമവാന്റെ മടിത്തട്ടിലുള്ള ധർമ്മശാലയിലെ കാലാവസ്ഥയാകും മത്സരത്തിൽ നിർണായകമാവുക. ഇപ്പോൾ 10 ഡിഗ്രിയാണ് ശരാശരി താപനില. സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഇവിടെയും ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഇംഗ്ളണ്ട് രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരയും രണ്ട് പേസർമാരെയും കളിപ്പിക്കുമ്പോൾ ഇന്ത്യ മൂന്ന് സ്പിന്നർമാരെ ഇറക്കാനാണ് സാദ്ധ്യത. സിറാജും ബുംറയുമാകും പേസർമാരായി ഉണ്ടാവുക.
500 കടന്ന അശ്വിൻ
ഈ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് അശ്വിൻ ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായത്. ഈ നേട്ടം ആഘോഷിക്കാനാവാതെ മത്സരത്തിനിടെതന്നെ ആശുപത്രിയിലായിരുന്ന അമ്മയെ കാണാൻ അശ്വിൻ രാജ്കോട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് 501-ാം വിക്കറ്റ് നേടിയത്.
2011 നവംബറിൽ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഡാരൻ ബ്രാവോയുടെ വിക്കറ്റ് നേടിയാണ് അശ്വിൻ ടെസ്റ്റ് കരിയർ ആരംഭിച്ചത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ ആറും വിക്കറ്റുകൾ നേടി മാൻ ഒഫ് ദമാച്ചായിരുന്നു. 99 മത്സരങ്ങളിൽ 507 വിക്കറ്റുകളും 3309 റൺസുമാണ് സമ്പാദ്യം. ഇപ്പോൾ ഐ.സി.സി ടെസ്റ്റ് ബൗളർമാരുടെയും ആൾ റൗണ്ടർമാരുടെയും റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് 37കാരനായ അശ്വിൻ.
35
ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ചുവിക്കറ്റ് നേട്ടങ്ങൾക്കുടമയായ ഇന്ത്യൻ താരമെന്ന അനിൽ കുംബ്ളെയുടെ റെക്കാഡിന് ഒപ്പമാണ് ഇപ്പോൾ അശ്വിൻ. തന്റെ നൂറാം ടെസ്റ്റിൽ കുംബ്ളെയെ മറികടക്കാൻ അശ്വിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2012ലെ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് എന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുന്നത്. എന്റെ ബൗളിംഗിലെ പിഴവുകൾ ചൂണ്ടിക്കാട്ടിത്തന്ന പരമ്പരയായിരുന്നു അത്.
- അശ്വിൻ
ബെയർസ്റ്റോയുടെ ലാസ്റ്റ് ടെസ്റ്റ് ?
ഇന്ന് നൂറാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ളീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയുടെ അവസാന ടെസ്റ്റ് വേദിയായി ധർമ്മശാല മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 100 ടെസ്റ്റുകൾ തികയ്ക്കുന്ന 17-ാമത്തെ ഇംഗ്ളീഷ് താരമാകാനാണ് ബെയർസ്റ്റോ ഒരുങ്ങുന്നത്. എന്നാൽ ഈ പരമ്പരയിൽ ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്നതാണ് 34കാരനായ താരത്തിന്റെ ഭാവി ഇരുളിലാക്കുന്നത്. നാലുമത്സരങ്ങളിൽ നിന്ന് 170 റൺസാണ് ആകെ നേടിയത്. ഒരു അർദ്ധസെഞ്ച്വറിപോലും നേടാനുമായില്ല.
മുൻ ഇംഗ്ളീഷ് വിക്കറ്റ് കീപ്പർ ഡേവിഡ് ബെയർസ്റ്റോയുടെ മകനായ ജോണി 2012 മേയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ലോഡ്സിലാണ് അരങ്ങേറിയത്. 99 ടെസ്റ്റുകളിൽ നിന്ന് 5974 റൺസാണ് സമ്പാദ്യം. 12 സെഞ്ച്വറികളും 26 അർദ്ധസെഞ്ച്വറികളും സ്വന്തം പേരിലുണ്ട്. 242 ക്യാച്ചുകളെടുത്തു. 14 സ്റ്റംപിംഗുകൾ നടത്തി.
26
റൺസ് കൂടി മതി ബെയർസ്റ്റോയ്ക്ക് ടെസ്റ്റിൽ 6000 റൺസ് തികയ്ക്കാൻ.
എട്ടാം വയസിൽ അച്ഛൻ വിട്ടുപിരിഞ്ഞശേഷം ഞങ്ങളെ വളർത്തിയ അമ്മയ്ക്കാണ് ഈ വലിയ മുഹൂർത്തം സമർപ്പിക്കുന്നത്.
- ജോണി ബെയർസ്റ്റോ