
ബംഗളൂരു: രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എൻ.ഐ.എ. വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചു. സ്ഫോടനം നടക്കുന്നതിനു മുമ്പ് സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചാരനിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമാണ് പ്രതിയുടെ വേഷം. തൊപ്പി ധരിച്ചിട്ടുണ്ട്. കൈകൊണ്ട് മുഖം മറച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിൽ പത്ത് പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വധഭീഷണി മുഴക്കിക്കൊണ്ട് ഇ-മെയിൽ സന്ദേശം എത്തിയിരുന്നു. മുമ്പ് നടന്നത് ട്രെയിലർ മാത്രമാണെന്നും 2.5 മില്യൺ യു.എസ് ഡോളർ നൽകിയില്ലെങ്കിൽ ബംഗളൂരുവിൽ വിവിധയിടങ്ങളിൽ സ്ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.