d

കെയ്റോ : തുത്തൻഖാമൻ... ഈജിപ്ഷ്യൻ ഫറവോമാരിൽ ഏറ്റവും പ്രശസ്തൻ. ലോകത്തെ വിസ്മയിപ്പിച്ച തുത്തൻഖാമന്റെ പ്രശസ്തമായ കല്ലറ തുറന്നിട്ട് ഇന്നേക്ക് 100 വർഷം.! 1924 മാർച്ച് 6നാണ് ഈജിപ്ഷ്യൻ സർക്കാർ തുത്തൻഖാമന്റെ മമ്മി അടക്കം ചെയ്തിരുന്ന പേടകം തുറന്നത്.

1922ൽ നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിൽ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ ആണ് ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയത്. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച പഠനങ്ങളിലെ പൊൻതൂവൽ എന്ന് വിശേഷിപ്പിക്കാവുന്നതാണ് തുത്തൻഖാമന്റെ കല്ലറയുടെ കണ്ടെത്തൽ. കല്ലറയിൽ നിരവധി അമൂല്യ വസ്തുക്കളുണ്ടായിരുന്നു. പ്രശസ്തമായ തുത്തൻഖാമന്റെ മുഖംമൂടിയും കഠാരയുമൊക്കെ ഇതിൽപ്പെടുന്നു. ഇവ ഇപ്പോഴും കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

തുത്തൻഖാമന്റെ കല്ലറയിലുണ്ടായിരുന്ന അമൂല്യ വസ്തുക്കളിൽ ഒരു ഭാഗം മോഷ്ടിക്കപ്പെട്ടെന്നാണ് കഥ. കല്ലറ കണ്ടെത്തിയ ഹൊവാർഡ് കാർട്ടറും ഒരു ഭാഗം മോഷ്ടിച്ചെന്ന് പറയപ്പെടുന്നു. ഹൊവാർഡ് കാർട്ടർ നിധിശേഖരത്തിൽ നിന്ന് ഒരു ഭാഗം കടത്തിയിരിക്കാമെന്ന അഭ്യൂഹം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഈജിപ്റ്റിൽ പ്രചാരത്തിലുണ്ട്. കാർട്ടർ കല്ലറയിൽ നിന്ന് നിരവധി കാര്യങ്ങൾ മോഷ്ടിച്ചെന്ന് താൻ കരുതുന്നതായി അദ്ദേഹത്തിന്റെ ജോലിക്കാരിലൊരാളായ ആൽഫ്രഡ് ലൂക്കാസ് 1947ൽ വെളിപ്പെടുത്തിയിരുന്നു. കാർട്ടറെ സംബന്ധിച്ച ആരോപണങ്ങൾ നിഷേധിക്കുന്ന ഗവേഷകരുമുണ്ട്. 1939ൽ 64ാം വയസിലാണ് കാർട്ടർ അന്തരിച്ചത്.

അതേ സമയം, തുത്തൻഖാമന്റെ കല്ലറ തുറന്നവർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതുമായി ബന്ധപ്പെട്ട ശാപക്കഥകളും പ്രചാരത്തിലുണ്ട്. എന്നാൽ പുരാതന വൈറസുകളെയാണ് ഈ മരണങ്ങൾക്ക് കാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. ഏതായാലും, തുത്തൻഖാമന്റെ കല്ലറയും ജീവിതവും ഇന്നും ശാസ്ത്രലോകത്തിന് മുന്നിൽ ഒരു നിഗൂഢതയാണ്. ഈ കല്ലറയെ പറ്റിയുള്ള പഠനങ്ങൾ ഇന്നും തുടരുന്നു. 18ാം രാജവംശത്തിൽപ്പെട്ട തുത്തൻഖാമൻ എട്ടോ ഒമ്പതോ വയസുള്ളപ്പോൾ അധികാരത്തിലേറിയെന്ന് പറയപ്പെടുന്നു. 19 വയസുള്ളപ്പോഴാണ് തുത്തൻഖാമൻ മരിച്ചത്. തുത്തൻഖാമൻ എങ്ങനെ മരിച്ചു എന്നത് ഇന്നും തർക്ക വിഷയമാണ്. കാലിലെ ഒടിവ്, രഥത്തിൽ നിന്നുള്ള വീഴ്ച തുടങ്ങി മലേറിയ ബാധ വരെ മരണകാരണങ്ങളായി പറയപ്പെടുന്നു. തുത്തൻഖാമന് സിക്കിൾ സെൽ അനീമിയ ഉണ്ടായിരുന്നിരിക്കാമെന്നാണ് മറ്റൊരുവാദം. തലക്കടിയേറ്റാകാം മരണമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.