
ഇന്നലെ നടന്ന എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷ പൊതുവെ കുട്ടികളെ പ്രയാസപ്പെടുത്തിയില്ല. മോഡൽ പരീക്ഷയിലെ ചോദ്യങ്ങളെ അപേക്ഷിച്ച് കുട്ടികൾക്ക് ആയാസരഹിതമായും ആത്മവിശ്വാസം ഉയർത്തുന്ന രീതിയിലും ഉത്തരം എഴുതാൻ കഴിയുന്നവ ആയിരുന്നു ചോദ്യങ്ങൾ. ഗദ്യഭാഗത്തെ വായനാ ആശയഗ്രഹണശേഷി പരിശോധിക്കുന്ന മൂന്നാമത്തെ ചോദ്യം താഴ്ന്ന നിലവാരക്കാരെ ചെറിയ തോതിൽ പരീക്ഷിക്കുന്നതായി. കവിതയിൽ നിന്നുള്ള comprehension ചോദ്യങ്ങളും ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ട കവിതാശകലവും പൊതുവെ കുട്ടികളെ വലച്ചില്ല.
വ്യവഹാര രൂപങ്ങൾ (Discourses) തയ്യാറാക്കേണ്ട ചോദ്യങ്ങളിൽ character sketch ഒഴികെ ബഹുഭൂരിപക്ഷവും ക്ലാസ് മുറികളിൽ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു. 'Adventures in a Banyan Tree' എന്ന കഥയിൽ നിന്നും രണ്ട് വ്യവഹാര നിർമ്മിതികൾ ഒരുപക്ഷേ ചിലരെങ്കിലും പ്രതീക്ഷിച്ചിരിക്കാനിടയില്ല. Information transfer, unfamiliar passage എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൊതുവെ വിഷമിപ്പിച്ചില്ല. Phrasal Verbs, Completing the conversation, Cloze Type, Noun Phrase എന്നിങ്ങനെ വ്യാകരണ ഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പലതും ക്ലാസ് മുറികളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക് പരിചിതമായിരിക്കാൻ ഇടയുണ്ട്. Editing ചോദ്യത്തിലെ 'b' പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ഒന്നിലധികം ഉത്തരങ്ങൾ ശരിയെന്ന തോന്നൽ പല കുട്ടികൾക്കും ഉണ്ടായിട്ടുണ്ട്.
ഉയർന്ന നിലവാരക്കാർ പോലും ആശങ്കയോടെ കണ്ടിരുന്ന Reported Speech ഇത്തവണ താരതമ്യേന ലളിതമായിരുന്നു. ചുരുക്കത്തിൽ വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാർത്ഥികളെ പൊതുവെ തൃപ്തിപ്പെടുത്തുന്ന ചോദ്യപേപ്പർ ആയിരുന്നു ഇത്തവണ ഇംഗ്ലീഷ് പരീക്ഷയുടേത്.
ലിബിൻ കെ. കുര്യൻ
എസ്.എച്ച.എച്ച്.എസ്.എസ്, പയ്യാവൂർ