
ദുബായ് : ഐ.സി.സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ ഇടംപിടിച്ച് യുവ ഇന്ത്യൻ ഇടംകയ്യൻ ബാറ്റർ യശസ്വി ജയ്സ്വാൾ. ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായി ഇരട്ട സെഞ്ച്വറികൾ നേടിയ യശസ്വി രണ്ട് പടവുകൾ കയറിയാണ് പത്താം റാങ്കിലേക്ക് എത്തിയത്. യശസ്വിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.
ഇംഗ്ളണ്ടിനെതിരായ നാലുടെസ്റ്റുകളിൽ നിന്ന് 655 റൺസ് യശസ്വി നേടിക്കഴിഞ്ഞു. ഒരു പരമ്പരയിൽ 600ലേറെ റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററും ആദ്യ ഇടംകയ്യനുമാണ് യശസ്വി.
സുനിൽ ഗാവസ്കർ,ദിലിപ് സർദേശായി,വിരാട് കൊഹ്‌ലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ. ഇവരിൽ വിരാട് മാത്രമാണ് ഇപ്പോൾ കളത്തിലുള്ളത്. 774 റൺസ് ഒരു പരമ്പരയിൽ നേടിയിട്ടുള്ള സുനിൽ ഗാവസ്കറുടെ റെക്കാഡ് യശസ്വി ഈ പരമ്പരയിൽ മറികടക്കാൻ യശസ്വിക്ക് 120 റൺസ് കൂടി മതി.
എട്ടാം റാങ്കിലുള്ള വിരാട് കൊഹ്‌ലിയാണ് പട്ടികയിൽ യശസ്വിയെക്കാൾ മുന്നിലുള്ള ഏക ഇന്ത്യൻ താരം. ഇംഗ്ളണ്ടിനെതിരെ കളിച്ചില്ലെങ്കിലും ഒരു പടവ് ഉയർന്നാണ് വിരാട് എട്ടാമയെത്തിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ രണ്ട് പടവ് കയറി 11-ാമതെത്തി. ന്യൂസിലാൻഡ് നായകൻ കേൻ വില്യംസണാണ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്.
ബൗളർമാരിൽ ബുംറ
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ന് നൂറാം ടെസ്റ്റിന് ഒരുങ്ങുന്ന രവിചന്ദ്രൻ അശ്വിനാണ് രണ്ടാം റാങ്കിൽ. രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുണ്ട്. അതേസമയം ടെസ്റ്റ് ആൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജഒന്നാം സ്ഥാനത്തും അശ്വിൻ രണ്ടാം സ്ഥാനത്തും തുടരുകയാണ്.