f

ന്യൂഡൽഹി : ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിന് അമേരിക്കയിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ സാദ്ധ്യത തെളിയുന്നു. യു.എസ് ജനപ്രതിനിധി സഭയിൽ ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ നിയമം പാസായാൽ ടിക്ക് ടോക്കിന് നിരോധിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ ടിക്ക് ടോക്ക് തങ്ങളുടെ ഓഹരികൾ വിറ്റൊഴിയാനും നിർബന്ധിതരാകും. ടിക്ക് ടോക്ക് ആപ്പിന്റെ ഉടമസ്ഥർ ചൈനീസ് കമ്പനിയായത് രാജ്യസുരക്ഷയെ ബാധിക്കും എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

കഴിഞ്ഞ വർഷം ആപ്പ് നിരോധിക്കാനുള്ള സെനറ്റ് നീക്കം കോൺഗ്രസ് തള്ളിയിരുന്നു. എന്നാൽ ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ ബില്ലിന് ഇരുകക്ഷികളിൽ നിന്നും പിന്തുണയുണ്ട്. വ്യാഴാഴ്ച ബിൽ ആദ്യ വോട്ടിംഗിന് ഇടുമെന്നാണ് വിവരം. ബിൽ പാസായതിന് ശേഷം ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്പനിയിൽ നിന്ന് വേ‍ർപെടുത്തിയില്ലെങ്കിൽ ടിക്ക് ടോക്ക് വിതരണം ചെയ്യുന്ന ആപ്പ് സ്റ്റോറുകൾക്കും വെബ് ഹോസ്റ്റിംഗ് സേവനങ്ങൾക്കും എതിരെ നടപടിയുണ്ടാകും. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് 5000 ഡോളർ നിരക്കിൽ പിഴ ഈടാക്കുമെനാണ് വിവരം.

ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിൽ ഉള്ളിടത്തോളം കാലം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാൻ ടിക് ടോക്ക് നിർ‌ബന്ധിതമാകും. അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡെമോക്രാറ്റ് നേതാവായ രാജ കൃഷ്ണമൂർത്തി പറഞ്ഞു. എന്നാൽ 17 കോടി അമേരിക്കൻ ജനതയുടെയും തങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യവസായങ്ങളുടെയും അവകാശ ലംഘനമാണ് ഈ നീക്കമെന്ന് ടിക് ടോക്ക് പറയുന്നു.

യു.എസ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ടിക് ടോക്ക് നിരോധിക്കാനുള്ള നീക്കം. യു.എസിൽ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ ടിക് ടോക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റും ഉപയോഗിക്കാനുള്ള മികച്ച പ്ലാറ്റ്‌ഫോമായിരുന്നു. 2022ലാണ് ടിക്ക് ടോക്ക് ഉൾപ്പെടെ 58 ചൈനീസ് ആപ്പുകൾ ഇന്ത്യൻ ഭരണകൂടം നിരോധിച്ചത്.