
കണ്ണൂര്‍: എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വൈകുകയാണ്. എന്നാല്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് അണികള്‍ കാത്തിരിക്കാന്‍ തയ്യാറല്ല. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് വേണ്ടി വോട്ട് അഭ്യര്‍ത്ഥനയും പോസ്റ്റര്‍ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു അണികള്‍.
സ്ഥാനാര്‍ത്ഥി ആരെന്നതില്‍ അനിശ്ചിതത്വം തുടരുകയാണെങ്കിലും നേരത്തെ കളം പിടിക്കേണ്ടതിന്റെ അവശ്യകത പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സുധാകരന്റെ നിലപാടെങ്കിലും കേന്ദ്ര നേതൃത്വം ഇതിന് വഴങ്ങിയിട്ടില്ല.
ഒട്ടേറെ വിവാദങ്ങള്‍ നിലവില്‍ കെ സുധാകരന്റെ പേരിലുണ്ടെങ്കിലും നിലവില്‍ ജയസാദ്ധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയില്ലെന്നതാണ് സ്ഥിതി. കണ്ണൂര്‍ നിലനിര്‍ത്താന്‍ കെ സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് എഐസിസിയുടെ നിലപാട്. കനഗോലുവിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലും കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കണമെന്നാണ് സൂചിപ്പിക്കുന്നത്.
ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മത്സരരംഗത്തുള്ളതിനാല്‍ സിപിഎം സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. മാത്രവുമല്ല കെപിസിസി പ്രസിഡന്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാക്കാനാകുമെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രഘുനാഥ് ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഇരു വിഭാഗവും പ്രചാരണം ശക്തമാക്കിയതോടെയാണ് കാത്തിരിക്കുന്നതിലെ അപകടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോസ്റ്ററുകളും ഫ്‌ളക്‌സുകളുമായി സുധാകരന് വേണ്ടി പ്രചാരണം ആരംഭിച്ചത്.