
ന്യൂഡൽഹി : കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഗെയിംസുകളിലെ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലി ഉറപ്പുവരുത്തുന്ന രീതിയിൽ കായിക നിയമങ്ങൾ പരിഷ്കരിച്ചതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. നേരത്തേ ദേശീയ- അന്തർദേശീയ മത്സരങ്ങളിലേയും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലെയും മെഡൽ ജേതാക്കളെയാണ് കായിക നിയമനത്തിനായി പരിഗണിച്ചിരുന്നത്.
2018ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം കായിക താരങ്ങളെ വാർത്തെടുക്കാനായി കേന്ദ്ര കായികമന്ത്രാലയം സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഖേലോ ഇന്ത്യ ഗെയിംസ് ആരംഭിച്ചത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ്, പാരാ ഗെയിംസ്, വിന്റർ ഗെയിംസ് എന്നിങ്ങനെ ഒരു വർഷം നാലു ഗെയിംസുകളാണ് നടത്തുന്നത്.
സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യ നടത്തുന്ന മത്സരങ്ങളിലെ വിജയികളെയും ജോലിക്കായി പരിഗണിക്കും. ദേശീയ -അന്തർദേശീയ ചെസ് ടൂർണമെന്റുകളിലെ വിജയികൾക്കും ജോലി നൽകുമെന്ന് അനുരാഗ് താക്കൂർ അറിയിച്ചിട്ടുണ്ട്.