
2016-ലാണ് ഞാൻ ഇന്ത്യയെന്ന മഹാരാജ്യത്തിൽ പിറന്നുവീണത്. അന്നൊക്കെ എന്റെ കൂടെ ഒരു സെൽഫിയെടുക്കാൻ എല്ലാവരും കൊതിക്കുമായിരുന്നു. ഞാനാരാണെന്നോ? രണ്ടായിരത്തിന്റെ പുതുപുത്തൻ ഫ്രീക്കൻ നോട്ട്! ബാങ്ക് കൗണ്ടറിലിരുന്ന സുന്ദരിയായ ചേച്ചിയുടെ നീണ്ടുമെലിഞ്ഞ കൈവിരലുകളിൽ തൊട്ടുരുമ്മിയിരുന്ന എന്നെ ആദ്യം സ്വന്തമാക്കിയത് ഒരു പട്ടാളക്കാരനായിരുന്നു. അയാളുടെ പരുക്കൻ കൈ വിരലുകൾ കൗതുകത്തോടെ, അതിലേറെ സംശയത്തോടെ എന്നെ ഞെരടിയപ്പോൾ ശരിക്കും വേദനിച്ചു. യൂണിഫോമിട്ട് ദേശീയ പതാകയ്ക്കു മുന്നിൽ നിന്ന അയാളോടൊപ്പമുള്ളതായിരുന്നു എന്റെ ആദ്യത്തെ സെൽഫി. അപ്പോൾ രാജ്യസ്നേഹം കൊണ്ട് എന്റെ ഹൃദയമാകുന്ന ചിപ്പ് തിളച്ചുമറിഞ്ഞിരുന്നു. മുഖംമൂടിയണിഞ്ഞ ഭീകരർ ഉതിർത്ത വെടിയുണ്ടയേറ്റ് പിടഞ്ഞുവീണ ആ ധീരജവാന്റെ ചുടുചോരയുടെ മണം ഇന്നുമെന്നെ നിസ്സഹായനാക്കുന്നു.
പിന്നീട് ഞാൻ എത്തിയത് ഒരു വൃദ്ധ സദനത്തിലായിരുന്നു. സർക്കാർ അനുവദിച്ച വാർദ്ധക്യ പെൻഷനിലൂടെ ഞാനൊരു വൃദ്ധന്റെ മെല്ലിച്ച കൈകൾക്കുള്ളിൽ ചുരുണ്ടമർന്നു. ഏതോ സിനിമാതാരം അയാളുടെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ അന്നവിടെ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ്സ് ഇടുന്നതിനുവേണ്ടി ആ അനാഥവൃദ്ധരോടൊപ്പം അയാളും ഒരു സെൽഫി എടുത്തു. അപ്പോൾ വാർദ്ധക്യം കൂടുകെട്ടിയ ആ മെല്ലിച്ച വൃദ്ധന്റെ പോക്കറ്റിൽ ഞാനുമുണ്ടായിരുന്നു. സെൽഫിക്കു വേണ്ടി, പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന ആ വൃദ്ധന്റെ ഹൃദയം നുറുങ്ങുന്നത് ഞാനറിഞ്ഞു. സ്വന്തം മകനെ കാണാൻ കൊതിക്കുകയായിരുന്നു ആ പഴമനസ്സ്. അപ്പോൾ എനിക്കൊരു സംശയം. എന്തുകൊണ്ടാണ് ഒരച്ഛന് മകനോടു തോന്നുന്ന സ്നേഹം തിരിച്ച് ഒരു മകന് അച്ഛനോടു തോന്നാത്തത്? സ്നേഹം ഉറവ വറ്റാത്ത നദി പോലെയായതുകൊണ്ടാണോ? നദി ഒരിക്കലും പിറകോട്ട് ഒഴുകാറില്ലല്ലോ.
പിന്നീട് ഞാൻ എത്തിയത് സ്കോളർഷിപ്പിന്റെ പേരിൽ ഒരു സുന്ദരിക്കുഞ്ഞിന്റെ കൈകളിലായിരുന്നു. ആറാം ക്ലാസ്സിലായിരുന്നു അവളെന്നു തോന്നുന്നു. അവളുടെ അച്ഛന്റെ ഫോണിൽ എന്നോടൊപ്പം പകർത്തിയ ആ സെൽഫിക്ക് പൂമ്പാറ്റകളുടെയും മാരിവില്ലിന്റെയും നിറപ്പകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രി എപ്പോഴോ അവളുടെ കരച്ചിൽ കേട്ട് ഞെട്ടിയുണർന്ന ഞാൻ കണ്ടത് എന്നെപ്പോലെയുള്ള മറ്റൊരു നോട്ട് അവളുടെ അച്ഛന്റെ കൈയിലിരുന്ന് തിളങ്ങുന്നതാണ്. ഞങ്ങൾ നോട്ടുകൾക്കു വേണ്ടി ഈ മനുഷ്യൻ സ്വന്തം മകളെപ്പോലും നരാധമന്മാർക്ക് വിൽക്കുകയാണല്ലോ. കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ...
ബോധം വന്നപ്പോൾ മനസ്സിലായി, ഞാനൊരു കാമുകന്റെ കൈയിലാണെന്ന്. കാമുകിയെ സന്തോഷിപ്പിക്കാൻ അവൻ കുറെ ചോക്ലേറ്റുകളും ഐസ്ക്രീമുകളും ഉടയാടകളും വാങ്ങിവന്നിരുന്നു. ഞാൻ ഏറ്റവും കൂടുതൽ സെൽഫി എടുത്തിട്ടുള്ളതും ഇവരോടൊപ്പമായിരിക്കാം. ഇവരുടെ ചില സ്വകാര്യ നിമിഷങ്ങളിൽ നാണംകൊണ്ട് കണ്ണടയ്ക്കേണ്ടിയും വന്നിട്ടുണ്ട്, എനിക്ക് ! പക്ഷേ പിന്നിടെപ്പോഴോ സ്വന്തം സ്വാതന്ത്ര്യത്തിൽ സ്നേഹം മതിലുകൾ കെട്ടുന്ന അവസ്ഥയിൽ ചില പൊട്ടിത്തെറികളും അവർക്കിടയിലുഉണ്ടായി. ആ പെൺകുട്ടിയുടെ സുന്ദരമായ മുഖം ആസിഡ് വീണ് വികൃതമായപ്പോൾ മുഴങ്ങിയ അലർച്ച! ഹൊ.... കാതുകൾ അമർത്തിപ്പിടിച്ചു ഞാൻ.
ഒടുവിൽ, മരവിച്ച മനസ്സുമായി ആത്മഹത്യ ചെയ്താലോ എന്നാലോചിക്കുമ്പോഴാണ് ആ സന്തോഷ വാർത്ത ടിവിയിൽ കണാരൻ ചേട്ടന്റെ പോക്കറ്റിലിരുന്ന് ഞാൻ കാണുന്നത്. എനിക്കുള്ള റിസർവ് ബാങ്കിന്റെ പിന്തുണ അവസാനിക്കാൻ പോകുന്നു! അതിനു ശേഷം എനിക്ക് മൂല്യമില്ലത്രേ! കേട്ടപാടെ, കണാരൻ ചേട്ടൻ എന്നോടൊപ്പമെടുത്ത സെൽഫി ആയിരിക്കാം എന്റെ അവസാന സെൽഫി. അല്ലെങ്കിലും സെൽഫികളെ ഞാൻ മടുത്തു തുടങ്ങിയിരുന്നു. പുറമെയുള്ള സൗന്ദര്യവും പകിട്ടും മാത്രം ഒപ്പിയെടുക്കുന്ന സെൽഫികൾക്ക് ഒരിക്കലും മനുഷ്യമനസിന്റെ നിഗൂഢതകളും നൊമ്പരങ്ങളും ചതിയും യാഥാർത്ഥ്യങ്ങളും ഒപ്പിയെടുക്കാൻ കഴിയില്ലെന്ന നഗ്ന സത്യം ഞാൻ മനസ്സിലാക്കുന്നു. റിസർവ് ബാങ്കിന്റെ ഇരുണ്ട മൂലയിൽ എന്നെപ്പോലെയുള്ളവർക്കൊപ്പം മരണം കാത്തു കഴിയുമ്പോഴും മനസ്സിൽ ആഹ്ലാദം! സെൽഫികളുടെ ആ നശിച്ച ലോകത്തേക്ക് ഇനി പോകേണ്ടല്ലോ!