d

മികച്ച ടെലിവിഷൻ പഠനഗ്രന്ഥത്തിന് സർക്കാരിന്റെ ടെലിവിഷൻ പുരസ്‌കാരത്തിന്(രചനാവിഭാഗം) അർഹത നേടിയ കേരളസർവകലാശാല മലയാളവിഭാഗത്തിലെ അദ്ധ്യാപകൻ ടി.കെ.സന്തോഷ്‌കുമാർ രചിച്ച പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ എന്ന പുസ്തകത്തിന്റെ നിരൂപണം.

നിലവിലുള്ള സാമൂഹികവ്യവസ്ഥയിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ ആ മാറ്റത്തിന് മുമ്പും ശേഷവുമുള്ള കാര്യങ്ങൾ താരതമ്യപ്പെടുത്താൻ ഒരു റെഫറൻസ് നമ്മൾ എടുക്കാറുണ്ട്. ഉദാഹരണത്തിന് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും 1991ലെ സാമ്പത്തിക മാറ്റങ്ങൾക്ക് മുമ്പും ശേഷവും എന്നൊക്കെ പറയാറുണ്ട്. സത്യത്തെ അങ്ങനെ ഒരു റഫറൻസാക്കി സത്യാനന്തര അഥവാ പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ കാലഘട്ടത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്തകമാണ് ടി.കെ.സന്തോഷ് കുമാറിന്റെ പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ.

സത്യാനന്തര കാലഘട്ടമാണ് പുസ്തകത്തിന്റെ ഇതിവൃത്തമെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും ഇന്നലെകളിലേക്കും സൗകര്യപൂർവം കടന്നുചെല്ലുന്ന എഴുത്തുകാരനെ കാണാം. സത്യമെന്ന് തോന്നും വിധത്തിൽ പ്രചരിക്കുന്ന നുണകളുടെ പിടിയിൽ പത്രപ്രവർത്തനം അകപ്പെടുന്ന സന്ദർഭങ്ങളുടെ സൃഷ്ടിയായാണ് സത്യാനന്തര കാലത്തെ എഴുത്തുകാരൻ വ്യാഖ്യാനിക്കുന്നത്. നാം ജീവിക്കുന്നത് ഒരു ഡിജിറ്റൽ യുഗത്തിലാണ്. ഒരു 'സൈൻ ഇന്നി'ൽ തുടങ്ങി സാങ്കേതികവിദ്യയുടെ മേച്ചിൽ പുറങ്ങൾ തേടി 'സൈൻ ഔട്ട്' ചെയ്യുമ്പോൾ യുക്തിപൂർവം ചിന്തിച്ചില്ലെങ്കിൽ ശരിതെറ്റുകൾ വേർതിരിക്കാൻ പ്രയാസമായിരിക്കും. സെൻസറിംഗ്, കാമറയിലെ പെണ്ണുടൽ, അർണാബിസം എന്നീ മൂന്ന് വിഷയങ്ങളിൽ ഊന്നി നിന്നുകൊണ്ട് സത്യാനന്തര കാലഘട്ടത്തെ വിമർശനത്തിന് വിധേയമാക്കിയിരിക്കുകയാണ് എഴുത്തുകാരൻ.

ഗീബൽസിയൻ തന്ത്രങ്ങളും സെൻസറിംഗും

തെറ്റായ വാർത്തകൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതും ജനങ്ങളുടെ വായ മൂടി കെട്ടുന്നതും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതുമെല്ലാം സത്യാനന്തര കാലത്തിന്റെ സൃഷ്ടികളാണ്. സത്യത്തെ സ്വർണം കൊണ്ട് മൂടിയാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരും. എന്നാൽ ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ കേൾക്കുന്നവർക്ക് അത് സത്യമാണെന്ന് തോന്നിയേക്കാം. ആടിനെ പുലിയാക്കുന്ന ഈ വിദ്യയാണ് മാദ്ധ്യമങ്ങൾ പ്രയോഗിക്കുന്നതെന്നാണ് എഴുത്തുകാരൻ പറയുന്നത്. നുണക്കളെ സ്വതാത്പര്യതിന് സത്യമായി അവതരിപ്പിക്കുന്ന ഗീബൽസിയൻ തന്ത്രം തന്നെയാണിത്. തെറ്റിനെ ശരി ആയി അവതരിപ്പിക്കും പോലെ ജനങ്ങളെ പിടിച്ചിരുത്താനുള്ള മാധുര്യവത്കരണത്തിലേക്കും സമയം കിട്ടുമ്പോഴെല്ലാം എഴുത്തുകാരൻ കടന്ന് ചെല്ലുന്നുണ്ട്. ജനകീയ വിഷയങ്ങൾ അവതരിപ്പിക്കുന്നത് ഒരു നല്ല മാദ്ധ്യമപ്രവർത്തകന്റെ കടമയാണ്. എന്നാൽ റേറ്റിംഗിനുള്ള മത്സരയോട്ടത്തിൽ മാത്രം അത് ഒതുങ്ങിപ്പോകുന്നെന്നാണ് എഴുത്തുകാരന്റെ ഭാഗം. ഭരണകൂട താത്പര്യത്തിന് വഴങ്ങി ധാർമ്മികത പണയം വയ്ക്കുന്ന മാദ്ധ്യമങ്ങൾ ഗോഡ്സേയ്ക്കും ഗാന്ധിയ്ക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത് .ഭരണകൂടത്തിന്റെയും മൂലധനത്തിന്റെയും താത്പര്യങ്ങൾക്ക് എത്ര മാത്രം ഒത്തുതീർപ്പ് ചെയ്യുന്നുണ്ടോ അത്രയും അളവിൽ മാദ്ധ്യമങ്ങൾ സെൻസറിംഗിന് വിധേയരാകുന്നു. ഒരു അദ്ധ്യാപകൻ കൂടെ ആയതിനാലാവാം ഓരോ വിഷയങ്ങളെയും വ്യക്തമായ പഠനം നടത്തിയാണ് എഴുത്തുകാരൻ അവതരിപ്പിച്ചത്.

വായ മൂടിക്കെട്ടുന്ന അർണാബിസം

രാജ്യസ്നേഹവും ദേശീയതും കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ചട്ടുകം ആകുന്ന മാദ്ധ്യമങ്ങൾ, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തുന്ന ചാനൽചർച്ചകൾ, വസ്തുനിഷ്ഠമായി സംസാരിക്കുന്ന അതിഥികളുടെ വായ മൂടി കെട്ടുന്ന 'അർണാബിസം' നിറഞ്ഞ അവതാരകർ എന്നിവയും വിമർശിക്കപ്പെടുന്നു. അവരുടെയോ ചാനലിന്റെയോ നിലപാടിന് എതിരാണെങ്കിൽ മനഃപ്പൂർവ്വം സംസാരിക്കാൻ സമയം നൽകാതിരിക്കുന്നതും ഉത്തരം മുഴുവിപ്പിക്കാൻ അനുവദിക്കാത്തതും ഇതിന്റെ കീഴിൽ പെടുന്നു. അഭിമുഖത്തിന് എത്തുന്നവരുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി കടന്നുചെല്ലുന്ന അവതാരകരുടെ ചോദ്യങ്ങളിലെ നിലവാരച്യുതിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.

പെണ്ണുടൽ തേടുന്ന മാദ്ധ്യമങ്ങൾ

മലയാളിയുടെ പൊതുമണ്ഡലത്തിൽ സ്ത്രീ ശരീരത്തെ ഉപയോഗപ്പെടുത്തി റേറ്റിംഗ് കൂട്ടുന്ന രീതിയാണ് മൂന്നാം ഭാഗത്തിൽ എഴുത്തുകാരൻ ചർച്ചചെയ്യുന്നത്. ഇന്ന് അല്ലെങ്കിൽ നാളെ വെളിപ്പെടുത്തും എന്ന് ഭീഷണി മുഴക്കുന്ന എക്സ്ക്ലൂസീവുകൾ മുതൽ ചൂടപ്പം പോലെ വിറ്റ് പോകുന്ന 'പത്മവ്യൂഹങ്ങൾ' വരെ ഇതിന് ദൃഷ്ടാന്തമാണ്. സത്യാനന്തര കാലത്തെ മാത്രമല്ല ആണധികാരം രൂപപ്പെടുത്തിയ ഫോർമുലക്ക് ഉള്ളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയും പുസ്തകത്തിൽ വരച്ചിടുന്നു. സ്ത്രീകൾക്ക് എല്ലാ കാര്യത്തിലും ഒരു ഗ്ലാസ്സ് സീലിംഗ് നിലനിൽക്കുമ്പോൾ മാദ്ധ്യമങ്ങൾക്കുള്ളിലെ ലിംഗസമത്വവും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാൻ മാദ്ധ്യമങ്ങൾ നടത്തുന്ന ഇടപെടലുകളും ചർച്ച ചെയ്യുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങൾ .മറ്റ് തൂണുകളെ താങ്ങി നിറത്തുന്ന മാദ്ധ്യമങ്ങൾ തങ്ങളുടെ നിലവാരം ഉയർത്തിയില്ലെങ്കിൽ അത് ജനാധിപത്യവ്യവസ്ഥയോട് ചെയ്യുന്ന നീതി കേടാണ്. മാദ്ധ്യമങ്ങൾക്ക് ഉണ്ടാവുന്ന തകരാറുകൾ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്നതിന് തുല്യമാണെന്നും എഴുത്തുകാരൻ പറയുന്നു.