
മോസ്കോ: യുക്രെയിനെതിരെ യുദ്ധം ചെയ്യേണ്ടിവന്ന ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാൻ (30) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ റഷ്യൻ ആർമിയിൽ സെക്യൂരിറ്റി ഹെൽപ്പറായി റിക്രൂട്ട് ചെയ്തിരുന്നെന്നാണ് വിവരം. മരണം റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെങ്കിലും എങ്ങനെ മരിച്ചെന്നതടക്കമുള്ളത് വ്യക്തമാക്കിയിട്ടില്ല. മുഹമ്മദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
സെക്യൂരിറ്റി ഹെൽപ്പറായി റിക്രൂട്ട് ചെയ്യപ്പെട്ട ഗുജറാത്തിലെ സൂറത്ത് സ്വദേശി ഹെമിൽ അശ്വിൻഭായ് മാൻഗുകിയ ( 23 ) കഴിഞ്ഞ മാസം റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
യുക്രെയിൻ - റഷ്യ യുദ്ധമുഖത്ത് കർണാടക, തെലങ്കാന, ജമ്മു കാശ്മീർ, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള 20ഓളം ഇന്ത്യക്കാർ കുടുങ്ങിയെന്നും ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കുടുങ്ങിയവരിൽ മിക്കവരും ദുബായ് ആസ്ഥാനമായുള്ള ഫൈസൽ ഖാൻ എന്ന യൂട്യൂബർ വഴി ജോലി തട്ടിപ്പിനിരയായി റഷ്യയിലെത്തിയതാണ്. ഇവർ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിൽ ചേരാൻ നിർബന്ധിതരാകുന്നെന്നും റിപ്പോർട്ടുണ്ടായിരുന്നു.