
ന്യൂഡൽഹി: സന്ദേശ്ഖാലി തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടിയാകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കാലത്ത് രാജ്യത്തിന് ദിശാബോധം നൽകിയിരുന്ന ബംഗാളിലെ സ്ത്രീശക്തി തൃണമൂൽ ഭരണത്തിന് കീഴിൽ ക്രൂരതകൾ അനുഭവിക്കുന്നെന്നും 24 നോർത്ത് പർഗനാസ് ജില്ലയിലെ ബരാസതിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.
സന്ദേശ്ഖാലി നാണക്കേടായി. സ്ത്രീകൾ പ്രകോപിതരാണ്. അവരുടെ പ്രതിഷേധ കൊടുങ്കാറ്റ് ബംഗാളിൽ തൃണമൂലിന്റെ മാഫിയ ഭരണത്തെ തകർക്കും. ബംഗാളിന്റെ എല്ലാ കോണുകളിലും പ്രതിഷേധം എത്തും. സർക്കാർ ജനങ്ങളുടെ വേദന കാര്യമാക്കുന്നില്ല. സ്ത്രീകളെ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കുന്നെന്നും മോദി പറഞ്ഞു. സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകളുമായി മോദി കൂടിക്കാഴ്ച നടത്തി. സ്ത്രീകൾ ദുരനുഭവങ്ങൾ വിവരിച്ചെന്നും മോദി ഒരു പിതാവിനെപ്പോലെ, ക്ഷമയോടെ അവരെ കേട്ടെന്നും ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പറയുന്ന മോദിയുടെ ബി.ജെ.പി ലൈംഗികാരോപണ വിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്ൻ ചോദിച്ചു. മോദി ഭരിച്ചിട്ടും എന്തുകൊണ്ടാണ് ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരെ 51 കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ബി.ജെ.പിയുടെ ലോക്സഭയിലെ വനിതാ ശക്തി 13 ശതമാനത്തിൽ ഒതുങ്ങിയത്. ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾ കുറഞ്ഞത് എന്തുകൊണ്ടാണെന്നും ഡെറിക് ചോദിച്ചു.