
ധരംശാല: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിന് നാളെ ധരംശാലയില്‍ തുടക്കം. പരമ്പര ഇതിനോടകം ഇന്ത്യ 3-1ന് സ്വന്തമാക്കിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ മത്സഫലം പ്രസക്തമാണ്.
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയിച്ച് തുടങ്ങിയ ഇംഗ്ലണ്ടിന് പക്ഷേ വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി ടെസ്റ്റുകളില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. വിരാട് കോലി ഉള്‍പ്പെടെ നിരവധി സീനിയര്‍ താരങ്ങളുടെ അഭാവത്തിലും യുവതാരങ്ങളുടെ മികവിലാണ് രോഹിത് ശര്‍മ്മയും സംഘവും പരമ്പര സ്വന്തമാക്കിയത്.
അവസാന മത്സരത്തിലേക്ക് വരുമ്പോള്‍ മോശം ഫോമിലുള്ള രജത് പാട്ടിദാറിന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറിയേക്കും. ഇംഗ്ലണ്ട് ടീം പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം ടെസ്റ്റില്‍ കളിച്ച ഒലി റോബിന്‍സണ് പകരം മാര്‍ക്ക് വുഡ് ടീമിലേക്ക് മടങ്ങിയെത്തും.
ഇംഗ്ലണ്ട് സ്‌ക്വാഡ്: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സന്‍, ഷൊയ്ബ് ബഷീര്‍.
ബാസ് ബോള്‍ യുഗത്തില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ കീഴില്‍ ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പര തോല്‍വിയാണ് ഇന്ത്യക്ക് എതിരെ നേരിട്ടത്.