
കൊച്ചി: മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിലെ രേഖകള്‍ കാണാനില്ല. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് കാണാതായത് കേസിലെ കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകളാണ്.
ഇക്കാര്യം സെഷന്‍സ് ജഡ്ജി 2023 ഡിസംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ എത്രയും വേഗം കണ്ടെത്തണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്.
മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു 2018 ജൂലൈ 2 നു പുലര്‍ച്ചെ 12.45ന് അഭിമന്യുവിനു കുത്തേറ്റത്. കൊല്ലപ്പെടുമ്പോള്‍ മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു.
കോളേജില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തിനു മുമ്പത്തെ ദിവസമായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്. എസ്എഫ്‌ഐ ബുക്ക് ചെയ്ത മതിലില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്തു നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഇതിനു മുകളില്‍ അഭിമന്യു വര്‍ഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്.
കോളേജിന് പുറത്തുനിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാംപസില്‍ എത്തിയെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. അഭിമന്യു വധക്കേസില്‍ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.