
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിയന്ത്രണം നാളെ മുതൽ നടപ്പാക്കുന്നു. നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദ്ദേശിച്ചു. നേരത്തെ ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്.
അതേസമയം ഈ അപേക്ഷകരെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അപേക്ഷകരുടെ എണ്ണം 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുക, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകും എന്നതിൽ ഉദ്യോഗസ്ഥരിൽ തന്നെ അവ്യക്ത നിലനിൽക്കുകയാണ്.
മേയ് ഒന്നുമുതലുള്ള ഡ്രൈവിംഗ് ടെസ്റ്റിലെ നിർദ്ദേശത്തോട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സഹകരിക്കുന്നില്ല. പുതിയ നിർദ്ദേശത്തോടും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സമാന നിലപാട് സ്വീകരിക്കാനാണ് സാദ്ധ്യത. അവസാന ട്രിപ്പ് മുടക്കുന്ന സ്വകാര്യബസുകളുടെയും റോഡ് വികസന കരാർ ഏറ്റെടുത്ത കമ്പനികളുടെ വാഹനങ്ങൾ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ പെർമിറ്റ് റദ്ദാക്കാനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.