
മാലെ: ഇന്ത്യയുമായി ഏർപ്പെട്ട ജല സർവേ കരാർ പുതുക്കില്ലെന്ന് വ്യക്തമാക്കി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. സർവേ നടത്താനാവശ്യമായ സൗകര്യങ്ങളും യന്ത്രങ്ങളും സ്വന്തമായി കണ്ടെത്താനുള്ള പദ്ധതി ആലോചിക്കുന്നുണ്ട്.
രാജ്യത്തെ സമുദ്രാതിർത്തിയിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ നിയന്ത്രണം ഉറപ്പാക്കാൻ ഈ മാസം മുതൽ 24 മണിക്കൂറും പ്രവർത്തന ക്ഷമമായ നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും മുയിസു വ്യക്തമാക്കി. ചൈനയിൽ നിന്ന് സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിൽ ഒപ്പിട്ടതിന് പിന്നാലെയാണ് ഇന്ത്യാ വിരുദ്ധ നയം തുടരുന്ന മുയിസുവിന്റെ പുതിയ നീക്കം.
2019ൽ അന്നത്തെ മാലദ്വീപ് പ്രസിഡന്റായിരുന്ന ഇബ്രാഹിം മുഹമ്മദ് സോലിഹാണ് ഇന്ത്യയുമായി സർവേ കരാർ ഒപ്പിട്ടത്. ദ്വീപിലെ തീരപ്രദേശങ്ങൾ, സമുദ്ര പ്രവാഹങ്ങൾ, വേലിയേറ്റം, പവിഴപ്പുറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഹൈഡ്രോഗ്രാഫിക് സർവേയിലൂടെ സമഗ്രമായ പഠനം നടത്താൻ ഇന്ത്യയെ അനുവദിക്കുന്നതായിരുന്നു കരാർ. മാലദ്വീപ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് സർവേ. ജൂണിൽ കരാറിന്റെ കാലാവധി കഴിയും.