
ഇരുനൂറിലധികം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച് 62കാരൻ. ഹൈപ്പർവാക്‌സിനേഷന്റെ ഫലങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് 62കാരനായ ജർമ്മൻകാരന് 217 ഡോസ് വാക്‌സിൻ നൽകിയത്. 29 മാസങ്ങൾക്കിടെയായിരുന്നു ഇത്.എർലാംഗെൻ നൂൺബെർഗ് സർവകലാശാലയിലെ ഗവേഷകരാണ് ഇത്തമൊരു പരീക്ഷണം നടത്തിയത്. ശരീരത്തിലെ പ്രതിരോധസംവിധാനത്തിൽ ഹൈപ്പർവാക്‌സിനേഷന്റെ ഫലങ്ങളറിയാൻ നടത്തിയ പരീക്ഷണത്തിൽ രൂക്ഷഫലങ്ങളൊന്നും ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി.
2019 നവംബർ മാസം മുതൽ 2023 ഒക്‌ടോബർ വരെയുള്ള സമയത്താണ് വാക്‌സിനേഷൻ നടത്തിയത്. ഓരോ തവണ വാക്‌സിനെടുത്തപ്പോഴും ആന്റിബോഡികളുണ്ടാകുകയും ചെയ്‌തു. കൊവിഡ് വൈറസിനെതിരെ ശരീരത്തിൽ പ്രതിരോധിക്കുന്ന ടി എഫക്‌ടർ കോശങ്ങൾ 62കാരന്റെ ശരീരത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. 217 ഡോസ് സ്വീകരിച്ച ശേഷവും.ദീർഘകാലത്തേക്ക് രോഗപ്രതിരോധം സൃഷ്‌ടിക്കുന്ന മെമ്മറി ടി സെല്ലുകളും ശരീരത്തിലുണ്ടായി.
എട്ടോളം വ്യത്യസ്‌ത വാക്‌സിനുകളാണ് 62കാരന് നൽകിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ മുതിർന്ന ഗവേഷകനായ ഡോ.കിലിയൻ ഷോബർ വ്യക്തമാക്കുന്നു. എന്നാൽ രോഗപ്രതിരോധത്തിന് ഹൈപ്പർവാക്‌സിനേഷൻ ഒരിക്കലും തങ്ങൾ ശുപാർശ ചെയ്യില്ലെന്നും ഗവേഷകർ പറയുന്നു. 62കാരനിൽ മികച്ച പ്രതികരണം നൽകിയെങ്കിലും എല്ലാവരിലും അതാകണം പ്രതികരണം എന്നില്ലാത്തതിനാലാണ് ഇത്. കൊവിഡ് വാക്‌സിന്റെ ദീർഘകാല ഫലങ്ങളടക്കം മനസിലാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു പഠനം.