padmaja-venugopal

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. സംസ്ഥാന കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് പദ്മജയുടെ പാര്‍ട്ടി മാറ്റം. നിലവില്‍ കെപിസിസി സെക്രട്ടറിയാണ് പദ്മജ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. ഡല്‍ഹിയില്‍ പദ്മജ എത്തിയപ്പോള്‍ മുതല്‍ ഇത്തരമൊരു അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അവര്‍ അത് തള്ളിക്കളഞ്ഞിരുന്നു.

ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്മജയുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടിയുമായി അത്ര അടുത്ത ബന്ധമല്ല പദ്മജയ്ക്കുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കില്ലെന്ന് അവര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയപ്പോഴെല്ലാം തോല്‍വിയായിരുന്നു അവര്‍ക്ക് വിധിച്ചത്. 2004ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അവര്‍ ലോനപ്പന്‍ നമ്പാടനോട് തോറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016,2021 വര്‍ഷങ്ങളില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും രണ്ട് വട്ടവും തോല്‍വി വഴങ്ങിയിരുന്നു.

പാര്‍ട്ടി തന്നെ മത്സരിപ്പിച്ചെങ്കിലും തോല്‍പ്പിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നാണ് അവര്‍ പലപ്പോഴും ഉന്നയിച്ചിട്ടുള്ള ആരോപണം. അതേസമയം നിലവില്‍ ഡല്‍ഹിയില്‍ തുടരുന്ന പദ്മജ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അവരെ കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്ന സിറ്റിംഗ് എംപി കെ മുരളീധരന് ഉള്‍പ്പെടെ പദ്മജയുടെ തീരുമാനം തിരിച്ചടിയാണ്.

നേരത്തെ ബിജെപിയില്‍ ചേരുമെന്ന പ്രചരണം നിഷേധിച്ച് പദ്മജ പറഞ്ഞ വാക്കുകള്‍

ഞാന്‍ ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാദ്ധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്. ഇപ്പോഴും ഞാന്‍ അത് ശക്തമായി നിഷേധിക്കുന്നു.

അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്, ഞാന്‍ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാന്‍ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല. പത്മജ പറഞ്ഞു.