
തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക്. ഇന്നോ നാളെയോ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചേക്കും. ഡൽഹിയിലെത്തി അവർ ബി.ജെ.പി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയതായാണ് വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ തന്നെ പരാജയപ്പെടുത്തിയതായി അവർ ആരോപണമുന്നയിച്ചിരുന്നു. കെ.കരുണാകരന്റെ സ്മാരകം സ്ഥാപിക്കുന്നതിലും കാലതാമസമുണ്ടാക്കി. ബി.ജെ.പിയിൽ ചേരുന്ന വിവരം അടുത്ത സുഹൃത്തുക്കളോട് അവർ പങ്കുവെച്ചതായാണ് വിവരം. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ പത്മജയെ കോൺഗ്രസ് നേതൃത്വം പല പരിപാടികളിലും പങ്കെടുപ്പിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.
ഇന്നലെ ബി.ജെ.പിയിലേക്ക് പോകുന്നതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവർ ഫേസ്ബുക്കിലൂടെ വാർത്ത നിഷേധിച്ചു. വൈകിട്ടോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടർന്ന് രാത്രിയോടെയാണ് സുപ്രധാന നീക്കം. 2004ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച പത്മജ ലോനപ്പൻ നമ്പാടനോട് പരാജയപ്പെട്ടിരുന്നു. 2016ലും 2021ലും തൃശൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.