pp

ലണ്ടൻ: ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. ചോക്ലേറ്റ് ഫ്ലേവറിലെ ഐസ്ക്രീമും ഷെയ്ക്കും ഡെസേർട്ടുകളുമൊക്കെ ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. ചോക്ലേറ്റ് വിഭവങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണ് പുഡിംഗ്. ക്രിസ്മസ് പോലുള്ള അവസരങ്ങളിൽ ചോക്ലേറ്റ് പുഡിംഗിന് ആവശ്യക്കാർ ഏറെയാണ്.

എന്നാൽ, ലോകത്തെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് പുഡിംഗ് ഏതാണെന്ന് അറിയാമോ. വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിൻഡർമെയറിലുള്ള ലിൻഡെത്ത് ഹോവെ കൺട്രി ഹൗസ് ഹോട്ടലിലെ ഷെഫായ മാർക് ഗിൽബർട്ടാണ് ഈ ലക്ഷ്വറി ചോക്ലേറ്റ് പുഡിംഗിന്റെ സ്രഷ്ടാവ്. ഫാബെർജ് എഗ്ഗിനെ അനുസ്മരിപ്പിക്കും വിധമാണ് പുഡിംഗിനെ അലങ്കരിച്ചിരിക്കുന്നത്. 1885 - 1917 കാലഘട്ടത്തിൽ റഷ്യൻ ആഭരണനിർമ്മാതാക്കളായ ഫാബെർജ് തയാറാക്കിയ ഈസ്റ്റർ മുട്ടയുടെ ആകൃതിയിലെ കോടികൾ വിലമതിക്കുന്ന അലങ്കാര വസ്തുക്കളാണ് ഫാബെർജ് എഗ്ഗ്.

ബെൽജിയത്തിൽ നിന്നുള്ള ഏറ്റവും മികച്ച നാല് ചോക്ലേറ്റുകൾ ഓറഞ്ച്, വിസ്കി, പീച്ച് എന്നിവയുമായി ചേർത്താണ് ചോക്ലേറ്റ് പുഡിംഗ് തയാറാക്കിയിരിക്കുന്നത്. ഷാംപെയ്ൻ കാവിയർ, ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണത്തരികൾ തുടങ്ങിയ ആഡംബര വസ്തുക്കൾ ചേർത്ത പുഡിംഗിന്റെ സെന്റർ പീസ് എന്നത് ഒരു രണ്ട് കാരറ്റ് ഡയമണ്ടാണ്. ഷാംപെയ്ൻ ജെല്ലി, നേർത്ത ഷക്കോൻഡ് ബിസ്കറ്റ്, ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ എന്നിവയാലാണ് പുഡിംഗിന്റെ ലെയർ തീർത്തിരിക്കുന്നത്.

2011ലാണ് പുഡിംഗ് ആദ്യമായി അവതരിപ്പിച്ചത്. 34,500 ഡോളറാണ് ഇതിന്റെ വില. പുഡിംഗ് ആവശ്യമുള്ളവർ മൂന്നാഴ്ച മുമ്പ് വിവരം ഹോട്ടലിനെ അറിയിക്കണം. കൂടാതെ, നിശ്ചിത തുക ഡൗൺപെയ്മെന്റായി നൽകുകയും വേണം.