crime

പാലാ : മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ്, മയക്കുമരുന്ന് വില്പന വ്യാപകമായതിനൊപ്പം അനധികൃത ബാറുകളും സജീവം.

എക്സൈസ് അധികൃതര്‍ക്ക് മാസപ്പടി നല്‍കിയാണ് മാഫിയ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. പാലാ നഗരഹൃദയത്തിലെ സുലഭയ്ക്ക് സമീപമുള്ള ഗ്രൗണ്ട്, കൊട്ടാരമറ്റം, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളില്‍ മയക്കുമരുന്നും കഞ്ചാവും സുലഭമാണ്.

ഭരണങ്ങാനം, ഇടപ്പാടി, ചിറ്റാനപ്പാറ, ഉള്ളനാട് മേഖലകളില്‍ അനധികൃത മദ്യവില്പന തകൃതിയാണ്. രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി, അന്ത്യാളം, വെള്ളിലാപ്പിള്ളി, നീറന്താനം, ഇടക്കോലി, കൂടപ്പുലം മേഖലകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. മീനച്ചില്‍ പഞ്ചായത്തിലെ പൈക, വിളക്കുമാടം, ഇടമറ്റം , കരൂരിലെ വലവൂര്‍, ഇടനാട് പേണ്ടാനംവയല്‍, മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി, പടിഞ്ഞാറ്റിന്‍കര, കൊഴുവനാല്‍ പഞ്ചായത്തിലെ പന്തത്തല, മേവട, കടനാട് പഞ്ചായത്തിലെ കൊല്ലപ്പിള്ളി, കടനാട് വല്യാത്ത് മേഖലകളിലും നീലൂരിലും മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എക്സൈസിന്റെ വല്ലപ്പോഴുമുള്ള റെയ്ഡ് പിരിവെടുക്കാനാണെന്നാണ് ആക്ഷേപം. മറ്റ് പ്രദേശങ്ങളില്‍ നിന്ന് കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് ചെറുപൊതികളിലാക്കി കൊടുക്കുകയാണ് പതിവ്. ഇതിനായി പ്രത്യക സംഘം തന്നെയുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് പ്രധാന ഉപഭോക്താക്കള്‍


പരാതിയേറി, അന്യസംസ്ഥാനക്കാരെ പൊക്കി തലയൂരി

പരാതി ഉയര്‍ന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി തലയൂരി പാലാ എക്സൈസ്. റേഞ്ച് ഇന്‍സ്പെക്ടര്‍ ബി. ദിനേശിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പശ്ചിമബംഗാളില്‍ നിന്ന് പാലായില്‍ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ആരിഫ് അഹമ്മദ്, ട്യൂട്ടല്‍ എസ്.കെ എന്നിവരെ പിടികൂടി. ഇത് എവിടെ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണെന്ന ചോദ്യത്തിന് ഉത്തരമില്ല.

പിടിയിലാകുന്നത് ചെറുമീനുകള്‍


ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നതിലേറെയും ചെറുമീനുകളാണ്. വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടും. കഞ്ചാവ് കേസില്‍ ഒരിക്കല്‍ പിടിയിലാകുന്നവര്‍ പുറത്തിറങ്ങിയാലും ഇത് തുടരുന്നതായാണ് വിവരം. കഞ്ചാവ് വില്പനക്കാരുടെ പേരടക്കം പൊലീസിനെയും, എക്സൈസിനെയും അറിയിച്ചാല്‍ പോലും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

രാത്രികാലങ്ങളില്‍ ഗ്രാമീണ റോഡുകളില്‍ ആളൊഴിഞ്ഞ ഭാഗങ്ങള്‍ കേന്ദ്രികരിച്ച് കഞ്ചാവ് വില്പന സംഘങ്ങള്‍ തമ്പടിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.

-സതീശന്‍, ഇടമറ്റം