
സനാ: ഏദൻ ഉൾക്കടലിൽ ചരക്കു കപ്പലിൽ ഹൂതി മിസൈൽ പതിച്ച് 2 മരണം. 6 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിലെ 20 ജീവനക്കാരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 3ന് തെക്കൻ യെമനിൽ നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ വച്ച് സൗദിയിലേക്ക് പോയ ട്രൂ കോൺഫിഡൻസ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഗാസയ്ക്ക് പിന്തുണയറിയിച്ച് യെമനിലെ ഹൂതി വിമതർ നവംബർ മുതൽ ചെങ്കടൽ മേഖലയിൽ കപ്പലുകൾ ആക്രമിക്കുന്നുണ്ട്. മരണം സംഭവിക്കുന്നത് ആദ്യമാണ്. തിങ്കളാഴ്ച ഹൂതി മിസൈൽ പതിച്ച എം.എസ്.സി സ്കൈ - 2 എന്ന കപ്പലിനെ ഇന്ത്യൻ നേവി രക്ഷിച്ചിരുന്നു. 13 ഇന്ത്യക്കാരടക്കം 23 ജീവനക്കാരും സുരക്ഷിതരാണ്.
 ചരക്കു കപ്പലിന് രക്ഷകരായി വീണ്ടും ഇന്ത്യൻ നേവി
സനാ: എദൻ ഉൾക്കടലിൽ ഹൂതി മിസൈൽ ആക്രമണം നേരിട്ട ചരക്കു കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവിക സേന. സിംഗപ്പൂരിൽ നിന്ന് ജിബൂട്ടിയിലേക്ക് പോവുകയായിരുന്ന എം.എസ്.സി സ്കൈ - 2 എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ലൈബീരിയയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എം.എസ്.സി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. 23 ജീവനക്കാരിൽ 13 പേർ ഇന്ത്യൻ പൗരന്മാരാണ്. എല്ലാവരും സുരക്ഷിതരാണ്. തിങ്കളാഴ്ച രാത്രി ഏദൻ ഉൾക്കടലിന് 90 നോട്ടിക്കൽ മൈൽ തെക്കു - കിഴക്കായി സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായതെന്ന് നേവി അറിയിച്ചു.
തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചയുടൻ നേവി യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊൽക്കത്ത അപകട സ്ഥലത്തേക്ക് തിരിച്ചു. 12 അംഗ വിദഗ്ദ്ധ അഗ്നിശമന ടീമിന്റെ സഹായത്തോടെ ചരക്കു കപ്പലിലെ തീ നിയന്ത്രവിധേയമാക്കി. കപ്പലിന് ഗുരുതരമായ കേടുപാടുകളില്ല. സുരക്ഷ ഉറപ്പാക്കിയതിന് പിന്നാലെ ചരക്കു കപ്പൽ യാത്ര തുടർന്നു.
ഡിസംബർ മുതൽ മേഖലയിൽ ആക്രമണം നേരിട്ട നിരവധി കപ്പലുകൾക്ക് ഇന്ത്യൻ നേവി സഹായമെത്തിച്ചിട്ടുണ്ട്. അതേസമയം, ഇസ്രയേൽ ആക്രമണത്തിനെതിരെ ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതർ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുകയാണ്.