kk-shylaja

തലശ്ശേരി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ സങ്കൽപിക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് മുൻമന്ത്രിയും വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. കേരളത്തെ ആധുനിക കേരളമായി വളർത്തിയെടുക്കുന്നതിൽ വളരെ സമർത്ഥമായ ലീഡർഷിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നുണ്ടെന്നും അവർ കേരള കൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ടീച്ചർ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പല സർവേ ഫലങ്ങളും പ്രവചിച്ചിരുന്നു. പാർട്ടി ഒതുക്കുകയാണെന്ന് എതിരാളികൾ പറയുന്നതിനെപ്പറ്റി?

അതെല്ലാം ശരിയല്ലാത്ത പ്രചാരണമാണ്. ഈ പറഞ്ഞ സ്ഥാനത്തിന് ഈ പറയുന്നവർ എന്നെ സപ്പോർട്ട് ചെയ്യുമോ. ഇതൊരു ഒതുക്കലല്ല. ഇന്ത്യൻ പാർലമെന്റിൽ എന്റെ സാന്നിദ്ധ്യമുണ്ടാകണം. ഞാൻ, തോമസ് ഐസക്ക്, എളമരം കരീം, രാധാകൃഷ്ണൻ, ഞങ്ങളെല്ലാം ഇന്ത്യൻ പാർലമെന്റിലുണ്ടാകണമെന്ന് പാർട്ടി തീരുമാനിക്കുന്നത് ഇകഴ്ത്തലല്ല. ഞാൻ എം എൽ എയായിരുന്നിട്ടുണ്ട്. പക്ഷേ പാർലമെന്റിൽ ഇതുവരെ പോയിട്ടില്ല. പാർലമെന്റിന്റെ സാദ്ധ്യതകൾ ഞങ്ങൾക്ക് എത്രത്തോളം ഉപയോഗിക്കാൻ പറ്റും. അത് കണക്കുകൂട്ടിക്കൊണ്ടാണ് പാർലമെന്റിലേക്ക് മത്സരിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത്. അത് തരംതാഴ്ത്തലല്ല. മറ്റുള്ളവർ പറയുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. അല്ലാതെ കേരളത്തിൽ നിന്നിട്ട് ഞാൻ ഇതൊക്കെ ആകണമെന്നാഗ്രഹിക്കുന്നതുകൊണ്ട് പറയുന്നതല്ല.


ടീച്ചറെ ഇഷ്ടപ്പെടുന്നവർക്ക് ലോക്സഭയിലേക്ക് പോകുമ്പോൾ വിഷമം തോന്നുന്നില്ലേ?

അവരോട് എനിക്ക് പറയാനുള്ളത്, ഞാൻ അഞ്ച് വർഷം മന്ത്രിയായിരുന്നിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. ഈ പുതിയ മേഖലയിൽ അവരെന്നെ അനുവദിക്കണം. പാർലമെന്റിലെ സാദ്ധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട്, കേരളത്തിൽ നിന്ന് പ്രവർത്തിക്കുന്നതുപോലെത്തന്നെ കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ എനിക്ക് സാധിക്കും. മുഖ്യമന്ത്രിയെന്നൊക്കെ പറയുന്നത് ഒരു സ്ഥാനമാണ്. കേരളത്തെ ആധുനിക കേരളമായി വളർത്തിയെടുക്കുന്നതിന് വളരെ സമർത്ഥമായിട്ടുള്ള ലീഡർഷിപ്പോടെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നുണ്ട്. ആ സ്ഥാനത്ത് എന്നെയൊന്നും സങ്കൽപിക്കാൻ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല.

ആ സ്‌നേഹം ജനങ്ങൾ എന്നോട് കാണിക്കുകയാണെങ്കിൽ, ഇന്ത്യൻ പാർലമെന്റിലേക്കാണ് പോകുന്നത്. ഒരു സംസ്ഥാനത്തിന്റെ നിയമസഭയിൽ നിന്ന് ഒരു രാജ്യത്തിന്റെ പാർലമെന്റിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അവിടെ ചെന്നാൽ എനിക്ക് ഇവിടെ പ്രവർത്തിച്ചതിനേക്കാൾ ഭംഗിയായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അതിനുള്ള അവസരമാണ് ജനങ്ങളോട് ചോദിക്കുന്നത്. ജനങ്ങൾ മനസിലാക്കുമെന്ന് ഉറപ്പാണ്.


ടീച്ചർ കണ്ണൂർ സ്വദേശിനിയാണ്, വടകര മത്സരിക്കുമ്പോൾ എന്ത് തോന്നുന്നു. വിജയപ്രതീക്ഷ എങ്ങനെ?

രണ്ട് ജില്ലകൾ ചേർന്നതാണ് വടകര മണ്ഡലം. എന്റെ കണ്ണൂർ, ഞാൻ താമസിക്കുന്ന പ്രദേശം. അവിടെ നിന്ന് കണ്ണൂർ മണ്ഡലത്തിന്റെ പല ഭാഗത്തേക്കും പോകുന്നതിനേക്കാൾ എളുപ്പം വടകര മണ്ഡലത്തിലേക്ക് വരാനാണ്. ഞാൻ കഴിഞ്ഞ തവണ എം എൽ എയായ കൂത്തുപറമ്പ് വടകര നിയോജക മണ്ഡലത്തിലാണ്. തലശ്ശേരി നിയോജക മണ്ഡലം വടകരയാണ്. ഏതെങ്കിലും ജില്ല അങ്ങനെയൊന്നും നോക്കിയല്ല മത്സരിക്കുന്നത്. കേരളത്തിലെവിടെയായാലും ഞങ്ങൾക്ക് പോകുന്നതിനും, അവിടത്തെ ഏത് പ്രവർത്തനം നടത്തുന്നതിനും പ്രശ്നമില്ല. എന്നെ പാർട്ടി മത്സരിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ കണ്ണൂരിനേക്കാൾ സാദ്ധ്യത വടകരയാണ്.വളരെ അനുകൂലമായിട്ടുള്ള അവസ്ഥയാണ് ഇവിടെ. വടകര മണ്ഡലത്തിൽ ഇക്കുറി ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കും.


ജയിച്ചാൽ ആദ്യം ചെയ്യുക


കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുവരുന്ന അമൃത് പദ്ധതിയുടെ ഭാഗമായി ഒന്ന് രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രവർത്തനം വളരെ മന്ദഗതിയിലാണ്. കേന്ദ്രസർക്കാരുമായി ചേർന്ന് പ്രവർത്തനം ത്വരിതപ്പെടുത്തും. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അവഗണിക്കപ്പെട്ട് കിടക്കുകയാണ്. അവിടത്തെ വികസനം വളരെ പ്രധാനപ്പെട്ടതാണ്. പിന്നെ കേന്ദ്ര ഗവൺമെന്റുമായിട്ടും സംസ്ഥാന ഗവൺമെന്റുമായും ബന്ധപ്പെട്ട് നടത്താൻ കഴിയുന്ന ഹൈവേകളുടെ വികസനം കുറച്ച് പാളിയിട്ടുണ്ട്. കേരള ഗവൺമെന്റിന്റെ ഇടപെടലാണ് അതിന്റെ ഭാഗമായിട്ടുണ്ടായത്.

വടകര കാർഷിക പ്രാധാന്യമുള്ള മണ്ഡലമാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ചില പ്രവർത്തനങ്ങൾ ആലോചിക്കേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ വ്യാവസായിക മേഖല. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുംവേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ...ഇതെല്ലാം പരിഗണനയിലുണ്ട്. അതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ട് വേണം ചെയ്യാൻ.

മോദിയുടെ സ്വാധീനം കേരളത്തിലും വർദ്ധിച്ചുവരികയല്ലേ. ബി ജെ പി അവരുടെ അക്കൗണ്ട് തുറക്കുമോ?

ബി ജെ പി സീറ്റ് കൊണ്ടുപോകുമെന്ന് തോന്നുന്നില്ല. കൊണ്ടുപോകാൻ യാതൊരു സാദ്ധ്യതയുമില്ല. അവർ എവിടുന്നാണ് ജയിക്കുക. ഇവിടെ പ്രധാന പോരാട്ടം എൽ ഡി എഫും യുഡിഎഫും തമ്മിലാണ്. അതുകൊണ്ട് ബി ജെ പിക്ക് സാദ്ധ്യതയില്ലെന്നാണ് ഞാൻ കരുതുന്നത്.

ടിപി കേസിലെ വിധി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്ന് യു ഡി എഫ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലേ?

ടി പി കേസ് വന്നതിന് ശേഷമാണ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നത്. ഇപ്പോൾ വന്ന വിധി നേരത്തെയുണ്ടായിരുന്ന രണ്ട് പേരെക്കൂടി ഉൾപ്പെടുത്തിയെന്നുള്ളതാണ്. അതൊരു കേസാണ്. സംഭവിക്കാൻ പാടില്ലാത്ത സങ്കടകരമായ കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. എല്ലാ ഭാഗങ്ങളിലുള്ളവരും അതിന്റെ ഇരയായിട്ടുണ്ട്. ആ കേസുകളെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് തോന്നുന്നില്ല.

കെ കെ രമ തന്നെ പറഞ്ഞിട്ടുണ്ട് ടീച്ചറെ അടിച്ചമർത്താനായിട്ടാണ് കൊണ്ടുവന്നതെന്ന്. അതിനോട് എന്താണ് പ്രതികരണം?

അതൊക്കെ തിരഞ്ഞെടുപ്പിന്റെ സമയത്ത് പറയുന്നതല്ലേ. അതിനോട് ഞാൻ ഇപ്പോൾ പ്രതികരിക്കുന്നില്ല.