anugraha

പല കാര്യങ്ങളും ചെയ്യുമ്പോൾ നീ വെറും പെണ്ണല്ലേ, നിന്നെക്കൊണ്ട് ഇതിനൊന്നും സാധിക്കില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്ന നിരവധി പേർ നമ്മുടെ ചുറ്റുമുണ്ട്. എന്നാൽ കാലം മാറിയതോടെ പുരുഷന്മാർ അടക്കിവാണിരുന്ന പല മേഖലകളിലും സ്ത്രീകളും സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. അവരിലൊരാളാണ് കോഴിക്കോട് മേപ്പയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരി അനുഗ്രഹ. കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് കക്ഷി. വനിതാ ദിനത്തിൽ അനുഗ്രഹ കേരള കൗമുദി ഓൺലൈനിനോട് മനസുതുറക്കുന്നു.

ഇതെന്റെ പാഷൻ

ഇതെന്റെ പാഷനാണ്. പഠനവും ജോലിയുമൊക്കെ കാരണം എന്റെ പാഷൻ എനിക്ക് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. പതിനെട്ട് വയസായപ്പോൾ തന്നെ ടൂവീലർ, ഫോർവീലർ ലൈസൻസെടുത്തു. പഠിത്തവുംജോലിയുമായി അങ്ങനെ മുന്നോട്ടുപോയി. പി ജി ലോജിസ്റ്റിക്ക്‌സിലായിരുന്നു. ഒരു വർഷം ബംഗളൂരുവിലും പിന്നെ മലപ്പുറത്തും ജോലി ചെയ്തു. പിന്നെ വിദേശത്തേക്ക് പോകാനായി അവിടുന്ന് രാജിവച്ച് നാട്ടിലെത്തി. പെരുന്നാളായതുകൊണ്ട് പോകാൻ പറ്റിയിട്ടില്ല. രണ്ടുമാസം വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതിയാണ് ഹെവി ലൈസൻസിന് അപേക്ഷിച്ചത്.

യൂറോപ്പിൽ ഡ്രൈവിംഗ് ഫീൽഡിൽ തന്നെ ഒരു ഓഫറും വന്നു. അങ്ങനെ തികച്ചും അപ്രതീക്ഷിതമായി ഞാൻ എന്റെ പാഷനിലേക്ക് എത്തി. തുടർന്ന് ലൈസൻസ് എടുക്കാൻ കൊച്ചിയിലേക്ക് പോയി. ടെസ്റ്റെടുക്കാൻ പോയപ്പോൾ അവിടെ ജെ സി ബിയുടെയും ക്രെയിനിന്റെയുമൊക്കെ ലൈസൻസ് കൊടുക്കുന്നത് കാണാനിടയായി. ഈ ലൈസൻസുകൂടി എടുത്താൽ കൊള്ളാമല്ലോ എന്ന് തോന്നി. അങ്ങനെ എക്സ്ട്രാ അതും എടുത്തുവച്ചു. അതിന് യൂസ് ഉണ്ടോയെന്നൊന്നും അറിയില്ല. ഇപ്പോൾ ഞാൻ ബസാണ് ഓടിക്കുന്നത്. യൂറോപ്പിലെ ഓഫർ ഇങ്ങോട്ട് വന്നതാണ്. വിദേശത്തേക്ക് പോകണമെന്നുണ്ട്.

anugraha

എനിക്ക് ഒരുപാട് പേരുടെ പിന്തുണ കിട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും സപ്പോർട്ട് കിട്ടിയപ്പോൾ എനിക്ക് എന്റെ പാഷൻ കളയാനും തോന്നുന്നില്ല. ഇപ്പോൾ ഡ്രൈവിംഗ് ഫോക്കസ് ചെയ്താണ് പോകുന്നത്. യൂറോപ്പിലേക്കുള്ള പേപ്പർ വർക്കൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്.

നിന്നെക്കൊണ്ട് പറ്റത്തില്ല

അങ്ങനെ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. സാധനം വാങ്ങാൻ പോയപ്പോൾ, ഷോപ്പിൽ നിന്ന് സംസാരിക്കുകയാണ്. അപ്പോൾ വേറൊരു ചേട്ടൻ അത് കേട്ടുകൊണ്ട് വന്നു. ആ ചേട്ടൻ എന്നോട് ചോദിച്ചു, താനാണോ ഡ്രൈവർ എന്ന്. എന്നിട്ട് എനിക്ക് വാട്സാപ്പ് ഗ്രൂപ്പിൽ വന്ന മെസേജ് കാണിച്ചുതന്നു. പെണ്ണല്ലേ, ഡ്രൈവ് ചെയ്യുന്നത് ധൈര്യമില്ലാത്തവർ കേറേണ്ടെന്ന്. നിങ്ങൾ ആണുങ്ങൾ ഓടിക്കുന്ന ബസിൽ എന്ത് ധൈര്യത്തിലാണ് പോകുന്നതെന്ന് അവിടെയുള്ള ചേട്ടനോട് ഞാൻ ചോദിച്ചു. അവർ എത്രത്തോളം പരിശീലനം നേടിയവരാണെന്ന് നമുക്കറിയില്ല.

കുറേ നെഗറ്റീവ് കമന്റുകൾ കേട്ടു. പ്രശസ്തിക്ക് വേണ്ടിയാണെന്നായിരുന്നു പ്രധാനമായും കേട്ട കമന്റ്. എന്നെ അടുത്തറിയുന്നവർക്ക് അറിയാം. ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.

ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടി

300 ആൾക്കാരായിരുന്നു ഇൻസ്റ്റയിൽ ഫോളോവേഴ്സായി ഉണ്ടായിരുന്നത്. ഡ്രൈവിംഗ് മേഖലയിലെത്തിയപ്പോൾ പെട്ടെന്ന് അമ്പതിനായിരമായി, പിന്നെ ഒരു ലക്ഷം കടന്നു.ഞാൻ ശരിക്കും ഷോക്കായി. ഇത്രയും സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുണ്ടോയെന്ന്. ബസ് ഓടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പറ്റുമോയെന്ന് സംശയമുണ്ടായിരുന്നു, പറ്റുമെന്ന് ചേച്ചി തെളിയിച്ചുവെന്നൊക്കെ പറഞ്ഞ് കുറേ പെൺകുട്ടികൾ മെസേജ് അയക്കാറുണ്ട്.

ഒരു കുട്ടി ഇൻസ്റ്റയിൽ എന്നെ ടാഗ് ചെയ്ത് സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. എന്നിൽ ഇൻസ്‌പെയർ ആയിട്ടാണ് ബൈക്ക് പഠിച്ചതെന്നും പറഞ്ഞായിരുന്നു അത്. ഞാൻ ഇതിൽ തുടരുമോയെന്നൊന്നും എനിക്കറിയില്ല. പക്ഷേ എനിക്കൊരു തുടക്കമിട്ടുകൊടുക്കാൻ പറ്റി. ഇതിന് ആഗ്രഹമുള്ള ഒരുപാടാളുകളുണ്ട്. അവരെ മുന്നോട്ട് വരാൻ വേണ്ടി കുടുംബവും സമൂഹവും ഒന്നു പിന്തുണയ്ക്കുക. അതാണ് എന്റെ ലക്ഷ്യം

വനിതകളോട് പറയാനുള്ളത്

നമുക്കൊരു ആഗ്രഹമുണ്ടെങ്കിൽ അതിനായി പരിശ്രമിക്കണം. ഇല്ലെങ്കിൽ ഒന്നും നടക്കില്ല. നമ്മൾ ലക്ഷ്യത്തിനായി പ്രയത്നിക്കുമ്പോൾ ചിലപ്പോൾ നെഗറ്റീവ് കമന്റുകൾ വന്നേക്കാം. അത് ശ്രദ്ധിക്കാതെ,ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോകുക.


കുടുംബത്തിന്റെ സപ്പോർട്ട്

എന്റെ നട്ടെല്ല് എന്ന് പറഞ്ഞാൽ കുടുംബം തന്നെയാണ്. ഈ മേഖലയിലേക്കിറങ്ങാൻ ധൈര്യം തന്നത് അച്ഛനാണ്. നെഗറ്റീവ് കമന്റുകളൊന്നും നമ്മൾ ശ്രദ്ധിക്കരുത്. ചേച്ചിയും, ചേച്ചിയുടെ ഭർത്താവുമൊക്കെ അതുതന്നെയാണ് പറഞ്ഞത്. എട്ട് മണിയൊക്കെ കഴിഞ്ഞാണ് വീട്ടിലെത്തുക. തുടക്കത്തിൽ അമ്മയ്ക്ക് കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ നല്ല സപ്പോർട്ടാണ്. മുരളീധരൻ - ചന്ദ്രിക ദമ്പതികളുടെ മകളാണ് അനുഗ്രഹ.